എട്ടാമത് ഇന്റർ കേളി ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു
text_fieldsഎട്ടാമത് ഇന്റർ കേളി ഫുട്ബാൾ ടൂർണമെന്റ് കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ‘വസന്തം 2025’ന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദിയുടെ എട്ടാമത് ഇന്റർ കേളി ഫുട്ബാൾ ടൂർണമെന്റ് അൽഖർജ് റോഡിലുള്ള അൽ ഇസ്ക്കാൻ ഗ്രൗണ്ടിൽ നടന്നു. ഫാൽക്കൺ അൽ ഖർജ്, യുവധാര അസീസിയ, റെഡ് ബോയ്സ് സുലൈ, ചാലഞ്ചേഴ്സ് റൗദ, റെഡ് വാരിയേഴ്സ് മലാസ്, ബ്ലാസ്റ്റേഴ്സ് ബത്ഹ, റെഡ് സ്റ്റാർ ബദീഅ എന്നീ ടീമുകൾ മാറ്റുരച്ചു.
ആദ്യ സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുവധാര അസീസിയയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ബത്ഹ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ റെഡ് സ്റ്റാർ ബദീഅയെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ് മലസ് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ബത്ഹയെ പരാജയപ്പെടുത്തിയാണ് റെഡ് വാരിയേഴ്സ് മലസ് ജേതാക്കളായത്. കേളി കുടുംബ വേദിയിലെ അണ്ടർ 14 കുട്ടികൾക്കായി സൗഹൃദ മത്സരവും സംഘടിപ്പിച്ചു.
ടൂർണമെന്റ് കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂർ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പെരിയാട്ട് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സീബ കൂവോട് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം മത്സരങ്ങൾ കിക്കോഫ് ചെയ്തു.
കുടുംബവേദിയിലെ അണ്ടർ 14 കുട്ടികളുടെ കളിയിൽ വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദിൻ ബാബ്തൈൻ, വി.എം. സുജിത് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഫൈനൽ മത്സരത്തിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ട്, കൺവീനർ ഹസ്സൻ പുന്നയൂർ എന്നിവരും കളിക്കാരുമായി പരിചയപ്പെട്ടു.
ടൂർണമെന്റിന് മുന്നോടിയായി സംഘടിപ്പിച്ച മാർച്ച് പാസ്റ്റിന് വളന്റിയർ ക്യാപ്റ്റൻ ഷഫീഖ് ബത്ഹ നേതൃത്വം നൽകി. ടൂർണമെന്റിലെ മുഴുവൻ ടീമുകളും അണിനിരന്നു. ടൂർണമെന്റ് കേളി സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. വിവിധ ഏരിയകളിലെ കേളി അംഗങ്ങൾ വളന്റിയർമാരായി പ്രവർത്തിച്ചു. അമ്പയർമാരായ ഷരീഫ്, മാജിദ്, അമീർ, ആദിൽ എന്നിവർ കളികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

