കിസ്‌വയിൽ സുവർണാക്ഷരങ്ങളെഴുതിയ കാലിഗ്രഫർ ബുഖാരിയുടെ പൈതൃകത്തിന് അരനൂറ്റാണ്ട്
text_fieldsമക്ക: വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന ‘കിസ്‌വ’യിൽ സ്വർണ നൂലുകളാൽ വിസ്മയം തീർത്ത പ്രശസ്ത കാലിഗ്രഫർ അബ്ദുൽ റഹീം അമീൻ ബുഖാരിയുടെ പൈതൃകം അരനൂറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തിെൻറ വിശിഷ്ട സേവനങ്ങൾക്കുള്ള അംഗീകാരമായി, ഫൈസൽ രാജാവിെൻറ ഭരണകാലത്താണ് ബുഖാരിയുടെ പേര് കിസ്‌വയിൽ ആലേഖനം ചെയ്യാൻ ഉത്തരവായത്. ആ പേര് ഇന്നും കിസ്‌വയിൽ തെളിഞ്ഞുനിൽക്കുന്നു.
അബ്ദുൽ റഹീം അമിൻ ബുഖാരി കാലിഗ്രഫി എഴുത്തിൽ (ഫയൽ)
1917-ൽ മക്കയിൽ ജനിച്ച ബുഖാരി, ചെറുപ്പം മുതലേ അറബി കാലിഗ്രഫിയിൽ വലിയ അഭിരുചി പ്രകടിപ്പിച്ചിരുന്നു. 1927-ൽ അബ്ദുൽ അസീസ് രാജാവ് സ്ഥാപിച്ച കിസ്‌വ ഫാക്ടറിയിൽ, കേവലം 15-ാം വയസ്സിലാണ് അദ്ദേഹം ചേരുന്നത്. പ്രഗത്ഭരിൽ നിന്ന് അറബി ലിപിയുടെ സൂക്ഷ്മശൈലികൾ അഭ്യസിച്ച അദ്ദേഹം, കഠിനാധ്വാനത്തിലൂടെ 1930-കളിൽ ചീഫ് ടെക്‌നീഷ്യനായും 1960-കളിൽ ഫാക്ടറിയുടെ ഡെപ്യൂട്ടി ഡയറക്ടറായും ഉയർന്നു.
കിസ്‌വയിലെ അലങ്കാരങ്ങൾ പരിഷ്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, കഅ്ബയുടെ വാതിലുകളിലെ ലിഖിതങ്ങൾ, എംബ്രോയിഡറി രൂപകൽപ്പന തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേയമായ രചനകളും നിർവഹിച്ചിട്ടുണ്ട്. 1944-ൽ അബ്ദുൽ അസീസ് രാജാവ് നിർമിക്കാൻ ഉത്തരവിട്ട കഅ്ബയുടെ വാതിലിെൻറ വരകളും അലങ്കാരങ്ങളും നിർവഹിച്ചത് ബുഖാരിയായിരുന്നു.
30 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ 21 കിസ്‌വകളുടെ നിർമാണത്തിൽ നേരിട്ട് പങ്കാളിയാവുകയും, മൂന്ന് കഅ്ബ വാതിലുകളുടെ കാലിഗ്രഫിക്കും അലങ്കാരപ്പണികൾക്കും അദ്ദേഹം മേൽനോട്ടം വഹിക്കുകയും ചെയ്തു. ജീവിതം പൂർണമായും കഅ്ബയുടെ സേവനത്തിനായി മാറ്റിവെച്ച ഈ പ്രതിഭ 1990-ലാണ് അന്തരിച്ചത്. എങ്കിലും, കിസ്‌വയുടെ ഓരോ പുതിയ നിർമ്മാണത്തിലും അദ്ദേഹത്തിെൻറ പൈതൃകം ഇന്നും മങ്ങാതെ ബാക്കിനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

