1400 വർഷം പഴക്കമുള്ള ജരീർ അൽ ബജാലി പള്ളിയുടെ സമുദ്ധാരണം ഊർജിതമാക്കി
text_fieldsയാംബു: ത്വാഇഫ് ഗവർണറേറ്റിലെ ഹദ്ദാദ് ബനീ മാലിക് പ്രദേശത്തെ ജരീർ അൽ ബജാലി പള്ളിയുടെ സമുദ്ധാരണം ഊർജിതമാക്കി അധികൃതർ. ത്വാഇഫിലെ ഏറ്റവും പഴയ പള്ളികളിലൊന്നാണിത്. ഹിജ്റ 10ാം വർഷം റമദാനിൽ തെൻറ കീഴിെല ജനങ്ങളോടൊപ്പം ഇസ്ലാം സ്വീകരിച്ച മഹാനായ ജരീർ ബിൻ അബ്ദുല്ല അൽ ബജാലിയുമായുള്ള ചരിത്രബന്ധമാണ് ഈ പള്ളിക്കുള്ളത്. ഏകദേശം 1400 വർഷങ്ങൾ പഴക്കമുണ്ടെന്ന് അറബി ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു.
ത്വാഇഫ് നഗരത്തിൽനിന്ന് 100 കിലോമീറ്റർ തെക്കായി അൽ ഖുദ ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 130 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന പള്ളിയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. പള്ളിയുടെ പരിസരത്ത് പഴയ ഖബർസ്ഥാനും മറ്റു ചരിത്ര ശേഷിപ്പുകളും കാണാം. പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ച് വാസ്തുവിദ്യാ കലകൾ കോർത്തിണക്കിയ പള്ളിയുടെ നിർമാണം ഏറെ ആകർഷണീയമാണ്. തടികൾ കൊണ്ട് നിർമിച്ച വൃത്താകൃതിയിലുള്ള തൂണുകൾ പള്ളിയുടെ അകത്തളങ്ങളിൽ വിസ്മയക്കാഴ്ച്ചയൊരുക്കുന്നു.
സ്ത്രീകൾക്കുള്ള പ്രത്യേക പ്രാർഥന മുറി, യാത്രക്കാർക്ക് ആതിഥ്യമരുളാൻ പഴയകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു അറ, ചതുരാകൃതിയിലുള്ള ഒരു ജലസംഭരണി എന്നിവയും പള്ളിയോടനുബന്ധിച്ചുണ്ട്. ഏകദേശം 11.26 മീറ്റർ ഉയരമുള്ള സിലിണ്ടർ ആകൃതിയിൽ നിർമിച്ച പള്ളിയുടെ മിനാരവും കൗതുകമൊരുക്കുന്ന കാഴ്ചയാണ്. സന്ദർശകർക്ക് പള്ളിയുടെ ചരിത്രപ്രാധാന്യം പകർന്നുനൽകാനുതകുന്ന വിവിധ പദ്ധതികളും ഇപ്പോൾ ഇവിടെ നടപ്പാക്കിവരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

