Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക് കുടിയേറിയ...

സൗദിയിലേക്ക് കുടിയേറിയ ആദ്യകാല മലയാളി കുടുംബാംഗം തഖിയുദ്ദീൻ ഉമർ അലി മലൈബാരി മക്കയിൽ മരിച്ചു

text_fields
bookmark_border
സൗദിയിലേക്ക് കുടിയേറിയ ആദ്യകാല മലയാളി കുടുംബാംഗം തഖിയുദ്ദീൻ ഉമർ അലി മലൈബാരി മക്കയിൽ മരിച്ചു
cancel

മക്ക: ആദ്യ കാലത്ത് കേരളത്തിൽ നിന്ന് സൗദിയിലെത്തി പിന്നീട് സൗദി പൗരത്വം സ്വീകരിച്ചവരുടെ പരമ്പരയിൽപ്പെട്ട തഖിയുദ്ദീൻ ഉമർ അലി മലൈബാരി (73) മക്കയിൽ മരിച്ചു. ശാരീരിക പ്രയാസത്തെത്തുടർന്ന് മക്ക സാഹിറിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ആലപ്പുഴ ആറാട്ടുപുഴയിൽ നിന്ന് മൂന്നര മാസക്കാലം കാൽ നടയായി 1940 കാലഘട്ടത്തിൽ മക്കയിലെത്തി ഹജ്ജ് നിർവഹിച്ച പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കൊക്കാടൻപറമ്പ് ഉമർകുട്ടി മുസ്ലിയാർ മലൈബാരിയുടെ മകനാണ് മരിച്ച തഖിയുദ്ദീൻ ഉമർ അലി മലൈബാരി. പിതാവ് മക്കയിൽ ദീർഘകാലം ജോലി ചെയ്തുവരവെ സൗദി പൗരത്വം ലഭിക്കുകയും കുടുംബവുമായി സൗദിയിൽ താമസമാക്കുകയുമായിരുന്നു.

തഖിയുദ്ദീൻ ഉമർ അലി മലൈബാരി മക്കയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഈജിപ്തിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം നേടി. ശേഷം സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ 30 വർഷക്കാലം ഉദ്യോഗസ്ഥനായിരുന്നു. കമ്പനിയുടെ മക്ക പവർ സ്റ്റേഷനിൽ കൺട്രോൾ റൂം ഓപ്പറേറ്റ് ആയി 2006 ൽ ജോലിയിൽ നിന്നും വിരമിച്ചു. മക്ക ശാര മൻസൂരിനടുത്താണ് താമസം. ആലുവ കാലടി സ്വദേശി റുഖിയ ബീഗം ആണ് ഭാര്യ. റിയാദിൽ ഡെന്റൽ സർജനായ ഡോ. ഫാഇസ്, ദമ്മാമിൽ ഡെന്റലിസ്റ്റായ ഡോ. ഫിർദൗസ് എന്നിവരാണ് മക്കൾ. ലോകപ്രശസ്ത റേഡിയോഗ്രാഫറായ താജുദ്ധീൻ, സൗദി എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ്, ഫാർമസി രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുല്ല എന്നിങ്ങനെ മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. ഇവരെല്ലാം സൗദി പൗരത്വം എടുത്തിരുന്നെങ്കിലും കേരളത്തോടുള്ള തന്റെ അടുപ്പം നിലനിർത്തി തഖിയുദ്ദീൻ ഉമർ അലി മലൈബാരി സൗദി പൗരത്വം സ്വീകരിച്ചിരുന്നില്ല.

തഖിയുദ്ദീൻ ഉമർ അലി മലൈബാരി ഉൾപ്പെടെയുള്ള മലബാരി സൗദി പൗരന്മാരെ ജിദ്ദ ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആദരിച്ചപ്പോൾ.

കേരളത്തിൽ നിന്ന് ഹജ്ജിനെത്തിയിരുന്ന ആദ്യകാല തീർഥാടകരുടെ താമസം, ഭക്ഷണം തുടങ്ങി മുഴുവൻ കാര്യങ്ങളിലും സേവനത്തിനുണ്ടായിരുന്നയാളായിരുന്നു തഖിയുദ്ദീൻ ഉമർ അലി മലൈബാരി. കുട്ടിക്കാലം മുതലേ വളർന്നത് സൗദിയിലാണെങ്കിലും കേരളീയരെപോലെ നന്നായി ഒഴുക്കോടെ മലയാളം സംസാരിക്കുമായിരുന്നു ഇദ്ദേഹം. മലയാളം തന്റെ മാതൃഭാഷയാണെന്ന് എപ്പോഴും പറയുകയും തങ്ങളോട് മലയാളത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു പിതാവെന്ന് മക്കൾ സാക്ഷ്യപ്പെടുത്തുന്നു.

ഇദ്ദേഹം ഉൾപ്പെടുന്ന മക്കയിലെയും പരിസരപ്രദേശങ്ങളിലെയും മലബാരി സൗദി പൗരന്മാരെ ഈയിടെ ജിദ്ദയിലെ ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റ് എന്ന സംഘടന ജിദ്ദ കോൺസുലേറ്റിന്റെ സഹകരണത്തോടെ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് ആദരിച്ചിരുന്നു. തഖിയുദ്ദീൻ ഉമർ മലബാരിയുടെ മരണത്തോടെ കേരളത്തിൽ നിന്നും സൗദിയിൽ വേരോട്ടമുള്ള പഴയ തലമുറയിൽ നിന്നും ഒരു കണ്ണിയാണ് അടർന്നു വീഴുന്നതെന്നും ഇത് മലയാളികളെ സംബന്ധിച്ച്​ വലിയ നഷ്ടമാണെന്നും ജിദ്ദയിലെ പഴയകാല പ്രവാസികൾ അനുസ്മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - Thaqiuddin Omar Malabari, a Malayalee citizen, died in Makkah
Next Story