നവ്യാനുഭവമായി ലേഡീസ് ട്രിപ്
text_fieldsതനിമ വനിത വിഭാഗം അൽ ഖോബാർ ഘടകം സ്ത്രീകൾക്ക് മാത്രമായി അൽ ഖോബാറിൽ നിന്ന് അൽ അഹ്സയിലേക്ക് നടത്തിയ ഏകദിന വിനോദയാത്രയിൽ പങ്കെടുത്തവർ
അൽഖോബാർ: തനിമ വനിതാ വിഭാഗം അൽഖോബാർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് മാത്രമായി അൽഖോബാറിൽ നിന്ന് അൽ അഹ്സയിലേക്ക് നടത്തിയ ഏകദിന വിനോദ യാത്ര ഏറെ ആസ്വാദ്യകരവും വൈവിധ്യമാർന്ന അനുഭവമായി. അൽ ഖോബാർ ജലാവിയ പാർക്കിൽ നിന്നും ആരംഭിച്ച യാത്ര പൂർണമായും നിയന്ത്രിച്ചതും അതിനു നേതൃത്വം നൽകിയതും അൽ ഖോബാറിലെ തനിമാ വനിതാ പ്രവർത്തകരായിരുന്നു.
പ്രവാസലോകത്തിലെ ഇത്തരമൊരു യാത്ര അൽഖോബാറിന്റെ യാത്രാ ചരിത്രപുസ്തകത്തിൽ തന്നെ പ്രഥമ സ്ത്രീ ഏകോപിത സംരംഭമായാണ് വിലയിരുത്തുന്നത്. യാത്രയിലെ ആദ്യലക്ഷ്യസ്ഥാനം ഹുഫൂഫിലെ ഐറിസ് ബേർഡ് ഫാം ആയിരുന്നു. പക്ഷികളോട് ഒന്നിച്ച് ഫോട്ടോ എടുക്കാനും അടുത്തിടപഴകാനും പറ്റുന്ന രീതിയിൽ സജ്ജീകരിച്ച ഫാം ഇതരഫാമുകളിൽ നിന്നും വ്യത്യസ്താനുഭവമേകി. പിന്നീട് പൗരാണികതയെ വിളിച്ചോതുന്ന ധൗഗ പൊട്ടറി ഫാക്ടറിയിലേക്കായിരുന്നു യാത്ര. ശേഷം അറബ് വാസ്തുവിദ്യ വിളിച്ചോതുന്ന ഖസർ ഇബ്രാഹിമിലേക്കും.
തുടർന്ന് അൽഅഹ്സയിലെ പ്രസിദ്ധമായ ഡേറ്റ്സ് ഫെസ്റ്റും സന്ദർശിച്ചു. രാവിലെ തുടങ്ങിയ യാത്ര അവസാനിച്ചത് അൽ ഖലൂബിയയിലെ ജവാത പാർക്കിലായിരുന്നു. മദീനക്കു ശേഷം ഇസ്ലാമിക ചരിത്രത്തിൽ ജുമുഅ നടത്തപ്പെട്ട ജവാത ജുമാമസ്ജിദും സന്ദർശിച്ചു.
കേവലം ബസ് യാത്ര എന്ന ആശയത്തിലൊതുങ്ങാതെ, എന്നും ഓർമിക്കാൻ പറ്റുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന തരത്തിൽ ഒട്ടേറെ കാര്യങ്ങൾ സജ്ജമാക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രവാസം കൊണ്ട് നഷ്ടപ്പെട്ടുപോകുന്ന കൂട്ടായ്മകളും കളികളും ഒന്നിപ്പിച്ച ഈ യാത്ര ഏറെ രസകരമായിരുന്നുവെന്ന് അതിൽ പങ്കെടുത്ത ഓരോരുത്തരും അഭിപ്രായപ്പെട്ടു. റജിന ഹൈദർ, റസീന റഷീദ്, ഷഹീദ സിറാജ്, ഫാജിഷ ഇല്യാസ്, ആദില നിസാർ, താഹിറ ഷജീർ, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

