വംശീയ ചിന്തകൾ നമ്മെ പിറകോട്ട് നയിക്കും -തനിമ സാംസ്കാരിക വേദി
text_fieldsതനിമ സംഘടിപ്പിച്ച ‘വംശീയവത്ക്കരിക്കപ്പെടുന്ന കേരളീയ പരിസരം’ പൊതുയോഗത്തിൽ റഹ്മത്തെ ഇലാഹി നദ്വി സംസാരിക്കുന്നു
റിയാദ്: വംശീയതയിൽ അധിഷ്ഠിതമായ ഫാഷിസം രാജ്യത്തെ അടക്കി വാഴുമ്പോൾ അത്തരം പരീക്ഷണങ്ങൾ കേരളീയ സമൂഹത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അപര വിരോധത്തിലും ഹിംസയിലും അധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രവും അജണ്ടയുമാണ് ഫാഷിസ്റ്റ് ശക്തികൾക്കുള്ളത്.
പരമത സൗഹാർദത്തിനും സാഹോദര്യത്തിനും കേളി കേട്ട കേരളത്തിലേക്ക് ഇത്തരം മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് മതനിരപേക്ഷ ശക്തികൾക്ക് ഒട്ടും ഭൂഷണമല്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മലസ് അൽമാസ് റസ്റ്റാറന്റിൽ ‘വംശീയവത്ക്കരിക്കപ്പെടുന്ന കേരളീയ പരിസരം’ എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ മേഖലാകമ്മിറ്റിയംഗം നസീർ നദ്വി അധ്യക്ഷത വഹിച്ചു. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് സിദ്ദീഖ് ജമാൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം സമൂഹത്തിനും സംഘടനകൾക്കുമെതിരെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണങ്ങൾ കൊണ്ട് സാമൂഹികാന്തരീക്ഷം വഷളാക്കുന്ന രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരെ നിലക്ക് നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാഷിസ്റ്റുകൾക്ക് മെഗാഫോണാകുന്ന രീതിയിൽ സി.പി.എം നേതാക്കൾ സംസാരിക്കുന്നത് താൽക്കാലിക ലാഭങ്ങളെക്കാൾ വലിയ നഷ്ടത്തിലേക്കാണ് നമ്മെ നയിക്കുകയെന്ന് പാർട്ടി നേതൃത്വവും സാംസ്കാരിക നേതാക്കളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തനിമ പ്രൊവിൻസ് വൈസ് പ്രസിഡന്റ് റഹ്മത്ത് ഇലാഹി നദ്വി മുഖ്യ പ്രഭാഷണം നടത്തി. വംശീയതയുടെ ഉറവിടങ്ങളെക്കുറിച്ചും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഫാഷിസ്റ്റ് ഭരണ ഭീകരതകളെ കുറിച്ചും ബാബരി മസ്ജിദിന്റെയും മണിപ്പൂരിന്റെയും ബിഹാറിലെ വോട്ടർ പട്ടികയുടെയും വെളിച്ചത്തിൽ അദ്ദേഹം വിശകലനം ചെയ്തു. ‘എൻ.ആർ.സി അല്ലെങ്കിൽ ഘർ വാപസി’ എന്ന അത്യന്തം ഹീനമായ മുദ്രാവാക്യങ്ങൾ ലോകത്തെ ഏറ്റവും വലിയ ജാധിപത്യ രാജ്യത്തിന് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാം ഒരു സാമൂഹിക ഉള്ളടക്കമുള്ള പ്രസ്ഥാനമാണെന്നും അത് എല്ലാ വിഭാഗീയ വിധ്വംസക പ്രവർത്തനങ്ങൾക്കുമെതിരാണെന്നും സമകാലീന സാഹചര്യങ്ങളോട് അർഥപൂർണമായ സംവാദം ആകാമെന്നും അദ്ദേഹം പറഞ്ഞു. ഹാഫിസ് ശിവപുരം ഖിറാഅത്ത് നടത്തി. ഷമീർ വണ്ടൂർ സ്വാഗതവും ഇ.വി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

