കരുതലിെൻറ കരങ്ങൾ ബന്ധിതമാവാതെ കാത്തുസൂക്ഷിക്കണം –ഡോ. മ്യൂസ് മേരി
text_fieldsതനിമ ജുബൈൽ സംഘടിപ്പിച്ച ‘പെരുന്നാൾ രാഗങ്ങളിൽ’എന്ന പരിപാടി
ജുബൈൽ: കരുതലിെൻറ കരങ്ങൾ പരസ്പരം ബന്ധിതമാവാതെ എന്നും കാത്തുസൂക്ഷിക്കണമെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ഡോ. മ്യൂസ് മേരി. ബലിപെരുന്നാളിനോട് അനുബന്ധിച്ച് തനിമ ജുബൈൽ ഘടകം സംഘടിപ്പിച്ച 'പെരുന്നാൾ രാഗങ്ങളിൽ'എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ജീവിത ഇടങ്ങളിൽ മതാതീതമായ കൂടിച്ചേരലുകൾ അനിവാര്യമാണ്. ജീവിതത്തിൽ അങ്ങനെ പരസ്പരം കൈകോർത്തുനിൽക്കുമ്പോൾ മാത്രമേ സാമൂഹികബന്ധം ഫല പ്രാപ്തിയിലെത്തുകയുള്ളൂ. ദൈവം നീതിയും കരുണയും സ്നേഹവും ധർമവുമായാണ് വിവിധ മതങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജീവിത ഇടങ്ങളിൽ ഇവയെല്ലാം ചേർന്ന മനുഷ്യാവസ്ഥയാണ് സൃഷ്ടിക്കപ്പെടേണ്ടത്.
നമുക്കിടയിൽ കരുണ അന്യമാകുകയും ഹിംസാത്മകത വർധിച്ചുവരുകയും ചെയ്യുന്നു. ദയാലുവായ ദൈവത്തിെൻറ മുന്നിലാണ് നമ്മൾ അനുസരണയുള്ളവരായി നിൽക്കേണ്ടത്. എല്ലാം ദൈവത്തിലർപ്പിക്കാൻ കഴിയുന്ന വിശ്വസ്തതയുണ്ടാവണം. ഒരു ജനതയുടെ പാരമ്പര്യത്തിെൻറ നന്മ ഉള്ളതുകൊണ്ടാണ് അന്യനാടുകളിൽ നാം സന്തോഷത്തോടെ ജീവിക്കുന്നതെന്നും അവർ പറഞ്ഞു. ടി.പി. മുഹമ്മദ് ഷമീം അതിഥി സംഭാഷണം നിർവഹിച്ചു. തനിമ സോനൽ പ്രസിഡൻറ് ഷാജഹാൻ മനക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.കെ. അസീസ് അധ്യക്ഷത വഹിച്ചു.
എൻ. സനിൽകുമാർ, രഞ്ജിത്, എൽന രാജൻ, ഉമേഷ് കളരിക്കൽ, ലിബി ജെയിംസ്, ഡോ. ജൗഷീദ്, സുധീർ, റയ്യാൻ മൂസ, ബാപ്പു തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. നബീൽ അസീസ്, ഹമീദ് ശിവപുരം, റെനെ മാത്യു, മഹത് സാം ജേക്കബ്, ഷിഫാ നൗഫൽ, റോസാന പൈലി, ജോയൽ മാത്യു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫൈസൽ കോട്ടയം സ്വാഗതവും നഫീസത്ത് ബീവി നന്ദിയും പറഞ്ഞു. സാബു മേലതിൽ അവതാരകനായിരുന്നു.

