വിശപ്പും ദാഹവും സാമൂഹിക മാറ്റത്തിന് പാഥേയമാക്കുക -തനിമ ഇഫ്താർ
text_fieldsറഹ്മത്തെ ഇലാഹി നദ്വി റമദാൻ സന്ദേശം നൽകുന്നു
റിയാദ്: സാമൂഹിക സാംസ്കാരിക രംഗത്ത് വാഴുന്ന വികല ചിന്തകൾക്കെതിരെ ഒരു പരിചയായി നോമ്പിനെ ഉപയോഗിക്കാനും വിശപ്പും ദാഹവും കൊണ്ട് വൈകാരിക തൃഷ്ണകളെ നേരിടാനും സാമൂഹിക പരിവർത്തനത്തിന് ചാലകശക്തിയാക്കി മാറ്റാനും തനിമ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു.
റിയാദ് മലസ് അൽമാസ് റസ്റ്റാറന്റിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കായി സംഘടിപ്പിച്ച ഇഫ്താറിൽ തനിമ പ്രൊവിൻസ് പ്രസിഡന്റ് സിദ്ദിഖ് ജമാൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് റഹ്മത്തെ ഇലാഹി നദ്വി റമദാൻ സന്ദേശം കൈമാറി.
ആർത്തിയും ദുരയും പൊങ്ങച്ചവുമുള്ള ഒരു വിഭാഗത്തിന് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും ഉപാസനയും സഹനവും കൊണ്ടാണ് ബദ്ർ രണാങ്കണത്തെ വിശ്വാസികൾ അതിജീവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശപ്പും ദാഹത്തോടുമൊപ്പം ആത്മനിയന്ത്രണവും സമാരോത്സുകതയുമുണ്ടാക്കുന്ന ഒരു ആരാധനയാണ് റമദാനെന്ന് താലൂത്തിന്റെയും ജാലൂത്തിന്റെയും കഥ മുതൽ ഗസ്സയിലെ സമകാലിക പോരാട്ടങ്ങൾ വരെ ഉദാഹരിച്ചു അദ്ദേഹം പറഞ്ഞു.
മയക്കം കലർന്ന നമ്മുടെ നാട്ടിലെ സാമൂഹിക ചുറ്റുപാടും അക്രമ വാസനയും ഒപ്പം മുസ്ലിം സമൂഹത്തിന്റെ അടയാളങ്ങൾ പോലും ഇല്ലായ്മ ചെയ്യുന്ന ഫാഷിസ്റ്റ് നീക്കങ്ങളെയും നോമ്പിന്റെ ചൈതന്യം കൊണ്ടും സാഹോദര്യത്തിന്റെ ശക്തി കൊണ്ടും നേരിടാൻ സാധ്യമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
പരിപാടിയിൽ വിവിധ സംഘടനകളുടെയും മാധ്യമങ്ങളുടെയും പ്രതിനിധികളും വ്യാപാര വ്യവസായ പ്രമുഖരുമടക്കം നൂറിലധികം പേർ പങ്കെടുത്തു. തനിമ പ്രൊവിൻസ് കമ്മിറ്റിയംഗം സലീം മാഹി നന്ദി പറഞ്ഞു. യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം അബ്ദുറഹ്മാൻ മൗണ്ടു ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

