ഹാജിമാര്‍ക്ക് ആശ്വാസമായി തനിമ കഞ്ഞി വിതരണം
text_fieldsമക്കയിൽ തനിമ ഹജ്ജ് വളണ്ടിയർമാർ കഞ്ഞി വിതരണം ചെയ്യുന്നു
മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തുന്ന തീർത്ഥാടകര്‍ക്ക് അവരുടെ താമസ സ്ഥലങ്ങളിൽ തനിമ വളണ്ടിയർമാർ കഞ്ഞിയും അച്ചാറും അടങ്ങുന്ന ഭക്ഷണ കിറ്റ് വിതരണം നടത്തി. ദീർഘനേരം മസ്ജിദുൽ ഹറാമിൽ പ്രാർത്ഥന കഴിഞ്ഞ് രാത്രിയോടെ തളർന്ന് റൂമുകളിലെത്തുന്ന ഹാജിമാർക്ക് തനിമയുടെ ഭക്ഷണം വലിയ ആശ്വാസമാണെന്ന് നിരവധി ഹാജിമാർ സാക്ഷ്യപ്പെടുത്തി.
ഹറമിൽ നിന്നും ബസ്സുകളിൽ മടങ്ങിയെത്തുന്ന ഹാജിമാർക്ക് വേണ്ടി തനിമ വളണ്ടിയർമാർ രാത്രി വൈകിയും കഞ്ഞിയുമായി അസീസിയയിലെ അവരുടെ താമസസ്ഥലത്ത് കാത്ത് നിൽക്കും. അവശരായി എത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണ കിറ്റുകൾ ലഭിക്കുമ്പോൾ ഹാജിമാരുടെ മനം നിറയുകയും പിന്നെ സ്നേഹത്തോടെയും പുഞ്ചിരിയോടെയുമുള്ള ഹാജിമാരുടെ പ്രാത്ഥനകൾ വളണ്ടിയർമാർക്ക് ഏറെ സംതൃപ്തിയും പ്രചോദനവുമേകുന്നു.
തങ്ങളുടെ ജോലി കഴിഞ്ഞെത്തുന്ന പ്രവർത്തകർ തനിമ വളണ്ടിയർ ക്യാമ്പിൽ വെച്ചാണ് നിത്യവും അവരുടെ കഞ്ഞി പാചകം ചെയ്തു പാക്കറ്റുകളിലാക്കുന്നത്. പലരും കുടുബസമേതമാണ് സേവന പ്രവർത്തനങ്ങൾക്ക് എത്താറുള്ളത്. നിത്യവും ഇശാ നമസ്ക്കാരത്തോടെ വാഹനങ്ങളില്‍ ഹാജിമാരുടെ താമസകേന്ദ്രങ്ങളിൽ എത്തിച്ചും കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. ഹജ്ജ് വേളയിൽ മിനായിൽ കഞ്ഞി വിതരണം നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ഹാജിമാർ മക്ക വിടുന്നത് വരെ കഞ്ഞിയും, മറ്റു ഭക്ഷണങ്ങളുടെയും വിതരണം തുടരുമെന്ന് ഭക്ഷണ വിഭാഗം കോർഡിനേറ്റർ അബ്ദുസ്സത്താർ തളിക്കുളം അറിയിച്ചു. ഇഖ്ബാൽ ചെമ്പാൻ, അബ്ദുൽ നാസ്സർ വാഴക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് ദിവസവും കഞ്ഞി വിതരണം നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

