തനിമ കാമ്പയിൻ ‘തണലാണ് കുടുംബം’
text_fieldsതനിമ സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിൻ ജമാഅത്തെ ഇസ്ലാമി
കേന്ദ്ര കൂടിയാലോചന സമിതിയംഗം എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സമൂഹത്തിന്റെ ശക്തമായ യൂനിറ്റുകളിലൊന്നായ കുടുംബം അസാധാരണമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പുതിയ ചിന്താധാരകളും വിദ്യാഭ്യാസ രീതികളുമെല്ലാം അവയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതിയംഗം എം.ഐ. അബ്ദുൽ അസീസ്.
ഇവയെ പ്രതിരോധിക്കാൻ ഇസ്ലാമിന്റെ സന്തുലിതമായ കുടുംബജീവിതം മുറുകെ പിടിക്കാനും പ്രചരിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. തനിമ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക ലിബറലിസത്തിനെതിരെ ഇസ്ലാമിക സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന ആശയസമരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ ശരീരം എന്റെ അവകാശം, എന്റെ ശരീരം എന്റെ ഇഷ്ടം, ലിവിങ് റ്റുഗതർ തുടങ്ങിയ പുതിയ പ്രവണതകൾ പാശ്ചാത്യനാടുകളിൽ തന്നെ ദുരന്തമായി പരിണമിക്കുമ്പോൾ അത്തരം സാംസ്കാരിക മാലിന്യങ്ങളെ പുരോഗമനത്തിന്റെയും പരിഷ്കാരത്തിന്റെയും പേരിൽ നമ്മുടെ സമൂഹത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും.
വിവാഹം, ഗർഭധാരണം, പ്രസവം, കുടുംബജീവിതം, മാതാപിതാക്കളുടെ പരിപാലനം എല്ലാം ഭാരമായി കാണുന്ന സ്ഥിതിവിശേഷം ഒട്ടും ആശാസ്യകരമല്ല. ‘സ്വാതന്ത്ര്യ’ത്തിന്റെ പേരിൽ കർത്തവ്യങ്ങൾ വിസ്മരിക്കുന്ന ഒരു സമൂഹത്തെ നിർമിക്കുന്നത് തടയാനും സന്തോഷകരവും സംതൃപ്തവുമായ കുടുംബജീവിതം കെട്ടിപ്പടുക്കാനും പുതിയ തലമുറകളെ ജ്ഞാനവത്കരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തനിമ സാംസ്കാരിക വേദി സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റ് റഹ്മത്തെ ഇലാഹി നദ്വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗം പി.എം. സാലിഹ്, കാമ്പയിൻ കൺവീനർ താജുദ്ദീൻ ഓമശ്ശേരി, പി.പി. അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി റിയാദിൽ വ്യത്യസ്ത ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്ന് കൺവീനർ അറിയിച്ചു. അബ്ദുറഹ്മാൻ മൗണ്ടു ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

