ആരോഗ്യമുള്ള തലമുറകൾക്ക് കുടുംബജീവിതം അനിവാര്യം -എം.ഐ. അബ്ദുൽ അസീസ്
text_fieldsഅസീറിൽ ‘തണലാണ് കുടുംബം’ തനിമ കാമ്പയിൻ ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ എം.ഐ. അബ്ദുൽ അസീസ്
ഉദ്ഘാടനം ചെയ്യുന്നു
ഖമീസ് മുശൈത്: മനുഷ്യജീവിതത്തെ മനോഹരവും ശാന്തമാക്കുന്നതിന് സഹായിക്കുന്നതും കുടുംബത്തോടൊത്തുള്ള ജീവിതമാണെന്നും മനസികാരോഗ്യത്തിനും ആരോഗ്യമുള്ള തലമുറകൾക്കും കുടുംബജീവിതം ആവശ്യമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
തനിമ കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിൻ അസീർ മേഖലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യ മനുഷ്യനായ ആദം മുതൽ കുടുംബജീവിതമാണ് നയിച്ചിട്ടുള്ളത്. ‘എന്റെ ശരീരം എന്റെ ഇഷ്ട’മെന്ന ലിബറൽ ജീവിത കാഴ്ചപ്പാട് കുത്തഴിഞ്ഞ ജീവിതവും അസാന്മാർഗികതയുമാണ് ഉണ്ടാക്കുക. പ്രപഞ്ച സ്രഷ്ടാവ് കനിഞ്ഞരുളിയ ജീവിതം സ്രഷ്ടാവിന്റെ പ്രീതിക്കായി തീരണമെങ്കിൽ കുടുംബജീവിതം അതിന് നമ്മെ സഹായിക്കുന്നു.
ലിബറൽ ചിന്തകൾ കാരണം ഇപ്പോൾ വിവാഹം, കുടുംബ ജീവിതം തുടങ്ങിയ മാനവ സങ്കൽപങ്ങളെ യുവസമൂഹം പഴഞ്ചൻ രീതികളായി കാണാൻ തുടങ്ങിയിരിക്കുന്നു. അമേരിക്കയിൽ ലിബറൽ ചിന്തകളുടെ ഫലമായി ‘ഫാദർ ലെസ്സ് അമേരിക്ക’ എന്ന പുസ്തകം പ്രസാധനം ചെയ്യപ്പെടുകയും ഇപ്പോൾ ആ രാജ്യം നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണിതെന്നും ചർച്ച ചെയ്യപ്പെടുമ്പോഴാണ് നമ്മുടെ നാട്ടിൽ ഇത് പുരോഗമനമായി കണക്കാക്കപ്പെടുന്നതെന്നത് ഗൗരവമായി കാണണമെന്നും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
‘ലിബറലിസവും കുടുംബവും’ എന്ന വിഷയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് മുഖ്യപ്രഭാഷണം നടത്തി. പിതാവും മാതാവും ബന്ധുമിത്രാദികളും ഉൾക്കൊള്ളുന്ന കുടുംബ സംവിധാനത്തിന്റെ തകർച്ച മനുഷ്യസമൂഹത്തിന്റെ നാശത്തിന് കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ തനിമ അസീർ സോൺ പ്രസിഡൻറ് മുഹമ്മദലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കണ്ണൂർ സ്വാഗതവും ഡോ. അഹ്മദ് സലീൽ നന്ദിയും പറഞ്ഞു. ഹാഫിസ് ഫവാസ് അബ്ദുൽ റഹീം ഖുർആൻ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

