തലശ്ശേരിയെ പ്രത്യേക ജില്ലയാക്കണം; പ്രവാസി വ്യവസായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
text_fieldsപ്രവാസി സാമൂഹികപ്രവർത്തകൻ കെ.പി. അബ്ദുൽ ഗഫൂർ (മഹാ ഗഫൂർ) മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിക്കുന്നു
തിരുവനന്തപുരം/റിയാദ്: തലശ്ശേരിയെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്നും ഹെറിറ്റേജ് സിറ്റിയായി ഉയർത്തി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി വ്യവസായിയും സൗദിയിൽ പൊതുപ്രവർത്തകനുമായ കെ.പി. അബ്ദുൽ ഗഫൂർ (മഹാ ഗഫൂർ) മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചു.
സെക്രട്ടേറിയറ്റിൽ വെച്ചുനടന്ന കൂടിക്കാഴ്ചയിൽ സമർപ്പിച്ച നിവേദനം സ്വാഗതം ചെയ്ത മുഖ്യമന്ത്രി, വിഷയം ഏറെ ഗൗരവമായി പരിഗണിക്കുമെന്നും ഇതിനായി ഒരു പ്രത്യേക കമീഷൻ രൂപവത്കരിക്കുന്ന കാര്യം പരിശോധിക്കുമെന്നും ഉറപ്പുനൽകി. തലശ്ശേരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
തലശ്ശേരിയെ പ്രത്യേക ജില്ലയാക്കുക, ഹെറിറ്റേജ് സിറ്റിയായി പ്രഖ്യാപിക്കുക, നിലവിലുള്ള മുനിസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുക, ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇതിനുപുറമെ, ഫിഷറീസ് ജെട്ടിയും ഫിഷ് മാർക്കറ്റും നവീകരിക്കുക, ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പാക്കുക, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ സർവീസുകൾ അനുവദിക്കുക തുടങ്ങിയ വികസന ആവശ്യങ്ങളും ഈ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ സർക്കാരിലെ മറ്റ് പ്രമുഖ മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും ഈ നിവേദനത്തിെൻറ പകർപ്പുകൾ കൈമാറി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ. അനിൽ കുമാർ, വിദ്യാഭ്യാസ മന്ത്രി അഡ്വ. ശംസുദ്ദീൻ, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, ഫിഷറീസ് മന്ത്രി എ.ഇ. അബ്ദുൽ ഗഫൂർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവർക്കാണ് നിവേദനത്തിെൻറ കോപ്പികൾ നൽകിയത്. സി.കെ.പി. റയീസ്, കാദർ മമ്മൂ, ബഷീർ പാനൂർ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

