ചൂളം വിളിയുടെ ദീപ്ത സ്മരണകളുമായി തബൂക്ക് ഹിജാസ് റെയിൽവേ മ്യൂസിയം
text_fieldsതബൂക്കിലെ ഹിജാസ് റെയിൽവേയിലെ ശേഷിപ്പുകളുടെ ദൃശ്യങ്ങൾ
തബൂക്ക്: തബൂക്കിലെ എണ്ണപ്പെട്ട പൈതൃകങ്ങളെ സംരക്ഷിക്കപ്പെടാനും ഇസ്ലാമിക നാഗരികതയെയും പൈതൃകത്തെയും പരിചയപ്പെടുത്താനും വേണ്ടി സൗദി കമീഷന് ഫോര്‍ ടൂറിസം ആൻഡ് നാഷനല്‍ ഹെറിറ്റേജ് വിവിധ പദ്ധതികൾ ഊർജിതമാക്കുന്നു. തബൂക്ക് നഗര മധ്യത്തിലുള്ള ഹിജാസ് റെയിൽവേ മ്യൂസിയം സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. സൗദി ടൂറിസം - പുരാവസ്തു വിഭാഗത്തിെൻറ നിയന്ത്രണത്തിലുള്ള മ്യൂസിയം നൂറ്റാണ്ടിെൻറ ചരിത്രം നമുക്ക് പറഞ്ഞു തരുന്നു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലുവരെയാണ് മ്യൂസിയം സന്ദർശിക്കാനുള്ള സമയം. പ്രവേശനം പൂർണമായും സൗജന്യമാണ്.
ഹിജാസ് റെയിൽവേയുടെ എൻജിനും ബോഗികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സ്റ്റേഷൻ സമുച്ചയം മൊത്തമായി കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. പഴക്കമുള്ള റെയിൽവേ കെട്ടിടങ്ങളിൽ പുരാവസ്തു, ടൂറിസം വകുപ്പുകളുടെ വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. തുർക്കിയിലെ ഇസ്തംബൂളുമായി മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിക്കാൻ നിർമിച്ചതാണ് ഹിജാസ് റെയിൽവേ. ഇസ്തംബൂളിൽനിന്ന് ആരംഭിച്ച് അമ്മാൻ വഴി മദീനയിൽ എത്തുമ്പോൾ ഹിജാസ് റെയിൽവേക്ക് 1300 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരുന്നു. ചരിത്രപ്രാധാന്യമുള്ള ഈ പ്രാചീന റെയിൽവേ പാത തുർക്കിയിൽനിന്നും സിറിയ, ജോർഡൻ വഴിയാണ് സൗദിയിലെത്തുന്നത്. അമ്മാൻ, മആൻ, തബൂക്ക്, ആബൂനആം, മദായിൻ സ്വാലിഹ് എന്നിവയായിരുന്നു ഇരു നഗരങ്ങൾക്കുമിടയിലെ പ്രധാന സ്റ്റേഷനുകൾ. മദായിൻ സ്വാലിഹ് പ്രധാനപ്പെട്ട സ്റ്റേഷൻ എന്നതിന് പുറമെ, എൻജിനുകളും ബോഗികളും റിപ്പയർ ചെയ്യുന്ന സ്ഥലം കൂടിയായിരുന്നു. ഇവിടെ ജർമൻ നിർമിത രണ്ട് സ്റ്റീം എൻജിനുകള്‍ കാലത്തെ അതിജീവിച്ച് ഇപ്പോഴും കാണാം.
ബ്രിട്ടീഷ് ചാരസംഘടനയിലെ അംഗമായ തോമസ് എഡ്വേര്‍ഡ് ലോറന്‍സിെൻറ നേതൃത്വത്തിലുള്ള ബദുക്കളുടെ ഗറില സംഘം ആദ്യമായി തകർത്ത റെയിൽവേ സ്റ്റേഷൻ മദീനക്ക് 150 കിലോമീറ്റർ വടക്കുള്ള ആബൂനആം ആണ്. അറേബ്യൻ മരുഭൂമിയിൽ ഹിജാസ് റെയിൽവേയുടെ ഭാഗങ്ങൾ അങ്ങിങ്ങായി ഇപ്പോഴും കാണാം. മദീനയിൽ മസ്ജിദുന്നബവിയുടെ കുറച്ചകലെയായി പ്ലാറ്റ് ഫോമിെൻറ ഭാഗങ്ങളും യാത്രക്കാർക്ക് ഇരിക്കാനുള്ള സിമെൻറ് ബെഞ്ചും ഇപ്പോഴുമുണ്ട്. 1900 മുതൽ 1908 വരെ എട്ടു വർഷമെടുത്ത് പൂർത്തിയാക്കിയ റെയിൽവേയാണ് ഇതെന്ന് അറബി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഹിജാസ് ഉൾക്കൊള്ളുന്ന പ്രദേശം അന്ന് തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യത്തിെൻറ (ഉസ്മാനിയ ഖിലാഫത്ത്) നിയന്ത്രണത്തിലായിരുന്നു. ആ കാലത്ത് മദീന, മദായിൻ സാലിഹ് തുടങ്ങിയ ചരിത്ര നഗരങ്ങളെ തുർക്കിയുമായി ബന്ധിപ്പിക്കാൻ വേണ്ടിയായിരുന്നു ഈ റെയിൽപാത പണിതത്. ജോർഡെൻറ വടക്കൻ അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സ്വാലിഹിലൂടെയാണ് മദീനയിലെത്തുന്നത്.
ഉത്തര അറേബ്യയുടെ കവാടമായ തബൂക്കിലേത് ഹിജാസ് റെയിൽവേയുടെ പ്രധാന സ്റ്റേഷനായിരുന്നു. സൗദിയുടെ മൂന്ന് അയൽ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ സഞ്ചാരപഥവും യാത്രയിലെ ഇടത്താവളവും അന്ന് തബൂക്ക് ആയിരുന്നതു കൊണ്ടാവണം പ്രധാനപ്പെട്ട 'സ്റ്റോപ്പ് ഓവർ' ആയി ഇവിടെ സംവിധാനിച്ചത്. വിശാലമായ റെയിൽവേ സ്റ്റേഷനും റെയിൽപാളങ്ങളും മറ്റും ചരിത്രസ്മാരകമായി അതേപടി നിലനിർത്തിയിട്ടുണ്ട്.
നിരവധി വിനോദസഞ്ചാരികളും ചരിത്രപ്രേമികളും ഹിജാസ് റെയിൽവേ മ്യൂസിയം സന്ദർശിക്കാറുണ്ടെന്ന് തബൂക്കിലെ സാമൂഹികപ്രവർത്തകനും സി.സി.ഡബ്ല്യു.എ ചെയർമാനുമായ സിറാജ് എറണാകുളം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഓട്ടോമൻ ഭരണകാലത്ത് തുർക്കി ഖലീഫ അബ്ദുൽ ഹമീദ് രണ്ടാമെൻറ നിർദേശപ്രകാരം നിർമിച്ച ഹിജാസ് റെയിൽവേ ഒന്നാം ലോകയുദ്ധത്തിന് ശേഷം1920ൽ പൂർണമായി തകർക്കപ്പെട്ടു. പിന്നീട് ഇത് പുനർനിർമിക്കാൻ തുർക്കിയുടെ നേതൃത്വത്തിൽ പല പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലം കണ്ടില്ല. ഹിജാസ് റെയിൽവേ എന്ന ആശയം മുന്നോട്ട് വെച്ചതിൽ ഒരു മലയാളിക്കുള്ള പങ്ക് പൊതുവിൽ പരാമർശിക്കപ്പെടാറില്ല.
മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരനായകനും പിന്നീട് ബ്രിട്ടീഷുകാർ നാടുകടത്തിയതിന് ശേഷം തുർക്കി ഖലീഫ അബ്ദുൽ ഹമീദ് രണ്ടാമെൻറ മന്ത്രിമാരിൽ ഒരാളുമായിരുന്ന മമ്പുറം ഫസൽ പൂക്കോയ തങ്ങളാണ് ഹിജാസ് റെയിൽവേ എന്ന ആശയത്തിന് പിറകിലെന്ന് പുതിയ ചരിത്രപഠനങ്ങൾ പറയുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച കെ.കെ. മുഹമ്മദ് അബ്ദുസത്താറിെൻറ 'മാപ്പിള ലീഡർ ഇൻ എക്സൈൽ, എ പൊളിറ്റിക്കൽ ബയോഗ്രഫി ഓഫ് സയ്യിദ് ഫസൽ തങ്ങൾ' എന്ന പുസ്തകത്തിൽ ഇതുസംബന്ധിച്ച വിശദ വിവരങ്ങളുണ്ട്.
തുർക്കിയിലെ ഉസ്മാനിയ ഖിലാഫത്ത് മുസ്ലിം ലോകത്തിനു നല്കിയ ചരിത്ര സംഭാവനകളില്‍ പ്രധാനപ്പെട്ട ഹിജാസ് റെയില്‍വേ ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം നേടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

