ഭീകരവാദം: സൗദി അറേബ്യ രണ്ട് സ്വദേശികളെ വധശിക്ഷക്ക് വിധേയമാക്കി
text_fieldsറിയാദ്: ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്ത കേസിലെ പ്രതികളായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവരുടെ ശിക്ഷയാണ് വ്യാഴാഴ്ച റിയാദിൽ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിെൻറ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. വിദേശ ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുക, സ്ഫോടകവസ്തുക്കൾ നിർമിക്കുക, നിയമവിരുദ്ധമായി ആയുധങ്ങൾ ശേഖരിക്കുക എന്നിവയായിരുന്നു ഇവർക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ.
കൂടാതെ, സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും വെടിയുതിർത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസുകളിൽ ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതികളെ പിടികൂടിയ ശേഷം സ്പെഷ്യലൈസ്ഡ് കോടതിയിൽ ഹാജരാക്കി കൃത്യമായ വിചാരണ പൂർത്തിയാക്കിയിരുന്നു. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരമുള്ള വധശിക്ഷയാണ് ഇവർക്ക് നൽകിയത്.
രാജ്യത്തിെൻറ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്നവർക്കും നിരപരാധികളുടെ ജീവന് ഭീഷണിയുയർത്തുന്നവർക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുറ്റവാളികളെ പിടികൂടുന്നതിനും നീതി ഉറപ്പാക്കുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

