അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി; ഉപഭോക്താക്കൾ ഉൽപന്നങ്ങളേറ്റുവാങ്ങാൻ വൈകിയാൽ വിൽപനക്കരാർ റദ്ദാക്കാം
text_fieldsഅൽ ഖോബാർ: സൗദിയിലെ ഉപഭോക്താക്കൾ ഉൽപന്നങ്ങളേറ്റുവാങ്ങാൻ വൈകിയാൽ അന്താരാഷ്ട്ര വ്യാപാര സ്ഥാനപങ്ങൾക്ക് വിൽപനക്കരാർ റദ്ദാക്കാൻ അനുമതി. ഇങ്ങനെയുണ്ടാവുന്ന അധിക ചെലവുകളും പിഴയും അടയ്ക്കേണ്ട ബാധ്യത ഉപഭോക്താവിനാണ്.
അതുവരെ സാധനങ്ങൾ തടഞ്ഞുവെക്കാൻ വിൽപന നടത്തിയ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ട്. എന്നാൽ, ഡെലിവറി സമയത്ത് മാത്രം വില നൽകുമെന്ന് സമ്മതിച്ച് വിൽപന നടത്തിയ ഇടപാടുകൾക്ക് ഇത് ബാധകമല്ല. വിയന്നയിലെ ഐക്യരാഷ്ട്ര കൺവെൻഷൻ അംഗീകരിച്ച ചരക്കുകളുടെ അന്താരാഷ്ട്ര വിപണനത്തിനുള്ള കരാറിന് (സി.ഐ.എസ്.ജി) അനുസൃതമായാണ് സൗദിയുടെ പുതിയ തീരുമാനം.
ഇക്കഴിഞ്ഞ ജൂൺ 22നാണ് സൗദി അറേബ്യ ഈ കരാറിന്റെ ഭാഗമായത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അതിർത്തികടന്നുള്ള വ്യാപാരത്തിന് റെഗുലേറ്ററി, ലെജിസ്ലേറ്റിവ് ചട്ടക്കൂട് നടപ്പാക്കാൻ സൗദി അറേബ്യയെ ഈ നീക്കം പ്രാപ്തമാക്കും. പ്രാദേശിക, ആഗോളവിപണികളുമായി സമ്പദ് വ്യവസ്ഥയെ സമന്വയിപ്പിക്കുന്നതിന് ഇത് ഇടയാക്കുകയും ചെയ്യും. അന്താരാഷ്ട്ര വ്യാപാര നടപടിക്രമങ്ങളിലെ ഇത്തരം സുതാര്യത ബിസിനസുകൾക്ക് കാര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകും.
തർക്കങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഹരിക്കുന്നതിനും തടസ്സങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കും. ഇത് സൗദി സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും അതിർത്തി കടന്നുള്ള വ്യാപാരത്തിൽ ചെറുകിട സംരംഭങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ലഭിക്കുകയും ചെയ്യും.
സാധനം വിറ്റയാൾ നിശ്ചയിച്ച അധിക കാലയളവിനുള്ളിൽ ഉപഭോക്താവ് വില അടക്കാനോ ചരക്ക് ഏറ്റെടുക്കാനോ വൈകിയാൽ കരാർ റദ്ദാക്കാം. വാങ്ങുന്നയാൾ വില നൽകില്ലെന്നും നീട്ടിയ കാലയളവിനുള്ളിൽ സാധനങ്ങൾ സ്വീകരിക്കില്ലെന്നും പറഞ്ഞാലും കരാർ മരവിപ്പിക്കാം. വാങ്ങുന്നയാൾ സാധനങ്ങളുടെ വില നൽകിയാലും പണം അടക്കാൻ വൈകിയ സാഹചര്യത്തിൽ കരാർ റദ്ദാക്കാൻ വിൽപനക്കാരന് അവകാശമുണ്ട്. കരാർ അവസാനിച്ചതിന് ശേഷം വിലയിൽ വ്യത്യാസമുണ്ടായാൽ നഷ്ടപരിഹാരം അവകാശപ്പെടുന്ന കക്ഷിക്ക് കരാർവിലയും പുതുക്കിയ വിലയും തമ്മിലുള്ള വ്യത്യാസം ലഭിക്കാൻ അർഹതയുണ്ട്. കരാർപ്രകാരം അളവും ഗുണനിലവാരവും അനുസരിച്ച് സാധനങ്ങൾ എത്തിക്കുന്നതും അനുബന്ധരേഖകൾ നൽകുന്നതും വിൽപനക്കാരന്റെ ബാധ്യതയാണ്. വാങ്ങുന്നയാളുടെ ബാധ്യതകളിൽ വിലയുടെ കൈമാറ്റവും സാധനങ്ങളുടെ ഡെലിവറി എടുക്കലും ഉൾപ്പെടുന്നു. ഇതിൽ ലംഘനമുണ്ടായാൽ കരാർ ഒഴിവാക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

