ചൂട് 40 ഡിഗ്രിക്ക് മുകളിലാവാൻ സാധ്യത, മികച്ച പ്രതിരോധസംവിധാനം
text_fieldsമക്ക: 40 ഡിഗ്രിക്ക് മുകളിൽ ശക്തമായ ചൂടാണ് ഇത്തവണ ഹജ്ജ് ദിനങ്ങളിൽ അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 48 ഡിഗ്രി വരെയായി അത് ഉയർന്നേക്കാം. ചൂടിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ നൂതന സംവിധാനങ്ങൾ ഹജ്ജ് കർമങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങളിലെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വാട്ടർ സ്പ്രേ ഫാനുകൾ, റോഡുകളിൽ പ്രത്യേക പന്തലുകൾ, കുടകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ചൂട് കുറക്കാനായി റോഡുകളിൽ പ്രത്യേക വസ്തുക്കളും നിറങ്ങളുംകൊണ്ട് പൊതിഞ്ഞിരിക്കുന്നു. അറഫയിൽ 20,000ത്തോളം പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ചും ചൂടിനെ പ്രതിരോധിക്കാനുള്ള എല്ലാ മാർഗങ്ങളും തേടിയിട്ടുണ്ട്. തീർഥാടകരോട് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ അറഫയിൽ ടെന്റുകളിൽ കഴിയാനാണ് നിർദേശിച്ചിട്ടുള്ളത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്, വെള്ളം ധാരാളം കുടിക്കണം, കുടകൾ കൈവശം കരുതണം എന്നാണ് നിർദേശം.
തീർഥാടകരുടെ ആരോഗ്യ മുൻകരുതലുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും തയാറാക്കിയിട്ടുണ്ട്. അനധികൃത തീർഥാടകരെ പരമാവധി ഒഴിവാക്കി നടക്കുന്ന ഹജ്ജ് കൂടിയായിരിക്കും ഇത്തവണ. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം അതിശക്തമായ പരിശോധനയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി മക്കയിലും പരിസരത്തും നടന്നത്. രണ്ടര ലക്ഷത്തോളം പേരെ തിരിച്ചയച്ചു. 16,190 പേർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു. അനധികൃത തീർഥാടകർ ഒഴിവാകുന്നതോടെ ഹജ്ജിൽ ഹാജിമാർക്ക് കർമങ്ങൾ അനായാസം നിർവഹിക്കാനാവും.
മിനയിൽ ഹജ്ജ് സർവിസ് കമ്പനികൾ മൂന്നുനേരം ഭക്ഷണം തയാറാക്കി തീർഥാടകർക്ക് നൽകും. അതിനായി മിനയിലെ തമ്പുകൾക്കിടയിൽ ബഹുനില കെട്ടിടങ്ങൾ നിർമിച്ച് അടുക്കള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

