ടീൻസ് ഇന്ത്യ കൗമാരക്കാർക്കായി ഒരുക്കുന്ന 'ടീൻസ് പാർക്ക് 2021' പരിപാടിക്ക് നാളെ തുടക്കം
text_fieldsടീൻസ് ഇന്ത്യ ഭാരവാഹികൾ ദമ്മാമിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനം
ദമ്മാം: സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം, ജിദ്ദ, റിയാദ് പ്രോവിൻസുകളുടെ സംയുക്താഭിമുഖ്യത്തിൽ മലയാളി വിദ്യാർഥികൾക്കായി അവധിക്കാല പരിപാടികൾ സംഘടിപ്പിക്കുന്നു. 'ടീൻസ് പാർക്ക്' എന്ന തലക്കെട്ടിൽ 21 മുതൽ സെപ്തംബർ 11 വരെയാണ് പരിപാടികൾ.
ശനിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് മുഹമ്മദ് സൽമാൻ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മോട്ടിവേഷണൽ പ്രഭാഷകനുമായ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ദമ്മാമിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ടീൻസ് ഇന്ത്യ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. ഓൺലൈനായും ഓഫ്‌ലൈനായും പരിപാടികൾ നടക്കും.
സ്കൂൾ അവധി പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, സ്കിൽ ഡെവലപ്മെൻറ്, ഇസ്ലാമിക പാഠങ്ങൾ പകർന്നു നൽകൽ, ദേശസ്നേഹവും ആത്മാഭിമാനവും ഉള്ള തലമുറയായി വളർത്താൻ സജ്ജരാക്കൽ എന്നിവയിൽ ഊന്നിയാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ പങ്ക്, ജേർണി ടു സക്‌സസ്, വീഡിയോഗ്രാഫി, ജേർണലിസം, സൈബർ സേഫ്റ്റി, വീഡിയോ എഡിറ്റിങ്, ആങ്കറിങ് തുടങ്ങി 10 തലക്കെട്ടിൽ പരിപാടികൾ സംഘടിപ്പിക്കും. വിവിധ മത്സര പരിപാടികളും കലാപരിപാടികളും അരങ്ങേറും.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, ക്യൂൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ, എസ്.ഐ.എസ് സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി, ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി നേതാവ് റാനിയ സുലൈഖ തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളിലായി വിദ്യാർഥികളോട് സംവദിക്കും.
എട്ട് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പരിപാടിയിൽ പ്രവേശനം. ഇതിനായി കുട്ടികൾ രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 0555063395 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാം. സ്റ്റുഡൻറ്സ് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് രക്ഷാധികാരി അൻവർ ശാഫി, പ്രോഗ്രാം ചീഫ് കോഒാഡിനേറ്റർ സാജിദ് പാറക്കൽ, ഖോബാർ - ദമ്മാം സ്റ്റുഡൻറ്സ് ഇന്ത്യ സബ് കോഒാഡിനേറ്റർമാരായ പി.ടി. അഷ്റഫ്, ജോഷി ബാഷ, സ്റ്റുഡൻറ്സ് ഇന്ത്യ നേതാക്കളായ ബിലാൽ സലിം, ആദം സാബിഖ്, ആദിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

