സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സുമായി കൈകോർത്തുപോകണം -ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ
text_fieldsജിദ്ദയിൽ ഗുഡ്‌വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച ‘അബീര്‍ ടാലന്റ് ലാബ് സീസണ്‍ 3’ ഏകദിന ശില്‍പശാലയിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മുഖ്യപ്രഭാഷണം നടത്തുന്നു.
ജിദ്ദ: സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സുമായി കൈകോർത്തുപോകണമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ഇഫത്ത് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഗുഡ്‌വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘അബീര്‍ ടാലന്റ് ലാബ് സീസണ്‍ 3’ ഏകദിന ശില്‍പശാലയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം അടിസ്ഥാന മൂല്യങ്ങൾ കൂടി മുറുകെ പിടിക്കേണ്ടതിന്റെ പ്രാധാന്യം കോൺസുൽ ജനറൽ ഊന്നിപ്പറഞ്ഞു. മനുഷ്യരും യന്ത്രങ്ങളും തമ്മിൽ അനാരോഗ്യകരമായ മത്സരത്തിന് പകരം മികച്ച ഒരു സഹകരണത്തിന്റെ രസതന്ത്രം ഉണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു. എ.ഐ, ഓട്ടോമേഷൻ, മെഷീൻ ലേണിങ് എന്നിവ കൊണ്ടുവരുന്ന അസാധാരണമായ മാറ്റങ്ങളുടെ ഈ കാലഘട്ടത്തിലും, മനുഷ്യരെ സാങ്കേതികവിദ്യക്ക് ഒരിക്കലും മാറ്റിസ്ഥാപിക്കാൻ കഴിയില്ല.
സാങ്കേതികവിദ്യയെ മനുഷ്യത്വവുമായി സമന്വയിപ്പിക്കാൻ കഴിയുന്നവർക്കായിരിക്കും വിജയകരമായതും സന്തോഷകരവുമായ ഭാവി സ്വന്തമാകുക. കാരണം യന്ത്രങ്ങൾക്കല്ല, മനുഷ്യർക്ക് മാത്രമേ കരുതലും സഹാനുഭൂതിയും നൽകാൻ കഴിയൂ. സ്വഭാവം, സർഗാത്മകത, ജിജ്ഞാസ, സഹകരണം എന്നീ നാല് അടിസ്ഥാന തത്വങ്ങളാണ് ജീവിതത്തിലെ വിജയത്തെ നിർവചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.ജി.ഐ പ്രസിഡന്റ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു.
സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ അന്താരാഷ്ട്ര സ്കൂളുകളിലെ 200ലധികം ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മനുഷ്യരും യന്ത്രങ്ങളും: സാങ്കേതികവിദ്യ നിയന്ത്രിതയുഗത്തില്‍ വിജയത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത’ പ്രമേയത്തിലാണ് ഏകദിന ശിൽപശാല സംഘടിപ്പിച്ചത്. എ.ഐ.യെക്കുറിച്ചുള്ള രണ്ട് സംവേദനാത്മക സെഷനുകളായിരുന്നു ഏകദിന ശിൽപശാലയുടെ പ്രധാന ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

