മനുഷ്യമനസ്സ് ശുദ്ധീകരിക്കാൻ ഒരു ടെക്നോളജിക്കും കഴിയില്ല -സലീം സുല്ലമി
text_fields‘ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പരിപാടി സലീം സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മനുഷ്യമനസ്സുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് അവ ശുദ്ധീകരിക്കാൻ ഈ എ.ഐ കാലഘട്ടത്തിൽ പോലും ഒരു ടെക്നോളജിക്കും കഴിയില്ലെന്നും അതിന് വിശ്വാസവും ആരാധനാകർമങ്ങളും തന്നെ ആവശ്യമാണെന്നും കെ.എൻ.എം സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘അഹ്ലൻ റമദാൻ, റയ്യാൻ കവാടത്തിലൂടെ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസ്സുകൾ സജീവമാക്കാനാണ് ദൈവം അവന് ആരാധനകൾ നിശ്ചയിച്ചത്. ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ട ഒരുപകരണമായ മൊബൈൽ ഫോൺ പോലും ചാർജ് ചെയ്യാതിരുന്നാൽ ഒരുപകാരവും നമുക്ക് ലഭിക്കില്ല. അതുപോലെ നമ്മുടെ മനസ്സുകളെയും ഇടക്കിടക്ക് ചാർജ് ചെയ്തുകൊണ്ടിരിക്കണം. അഞ്ചുനേരത്തെ നമസ്കാരം ഒരാളെ ഒരു ദിവസം പല തവണ ചാർജ് ചെയ്യുമ്പോൾ വെള്ളിയാഴ്ചകളിലെ ജുമുഅ ആഴ്ചയിലൊരിക്കലും റമദാനിലെ നോമ്പ് വർഷത്തിലൊരിക്കലും ഹജ്ജ് കർമം ജീവിതത്തിലൊരിക്കലും ഒരാളുടെ മനസ്സിനെ മാലിന്യമുക്തമാകാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റമദാനിനെകുറിച്ചുള്ള ശ്രോതാക്കളുടെ സംശയങ്ങൾക്ക് പണ്ഡിതന്മാർ മറുപടി നൽകി.
റമദാനിനോട് അനുബന്ധിച്ച് ഇസ്ലാഹി സെന്റർ പുറത്തിറക്കുന്ന ‘റയ്യാൻ കവാടം’ വിഡിയോ സിരീസ് ഡെമോയുടെ ഉദ്ഘാടനം ചടങ്ങിൽ സലീം സുല്ലമി നിർവഹിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. അമീസ് സ്വലാഹി ആമുഖപ്രഭാഷണവും ഷിഹാബ് സലഫി സമാപന പ്രസംഗവും നിർവഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

