മക്കയിൽ ടാക്സി സേവനം വിപുലീകരിക്കുന്നു; മൂന്ന് കമ്പനികൾക്ക് കൂടി ലൈസൻസ് നൽകി
text_fieldsമക്കയിൽ ടാക്സി സർവിസ് നടത്താനുള്ള ലൈസൻസ് കമ്പനികൾക്ക് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ കൈമാറുന്നു
മക്ക: വിശുദ്ധ നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി മക്ക ടാക്സി സേവനം വിപുലീകരിക്കുന്നു. ഇതിനായി പുതുതായി മൂന്ന് ടാക്സി കമ്പനികൾക്ക് കൂടി പ്രവർത്തന ലൈസൻസ് അനുവദിച്ചു. മക്ക, മശാഇർ റോയൽ കമീഷന് കീഴിലുള്ള ജനറൽ ട്രാൻസ്പോർട്ട് സെന്ററാണ് സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത്.
ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ, റോയൽ കമീഷൻ സി.ഇ.ഒ എൻജി. സ്വാലിഹ് അൽറഷീദിന് ലൈസൻസുകൾ കൈമാറി. മക്കയിലെ ടാക്സി മേഖലയെ ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ഈ ലൈസൻസുകൾ വലിയ ഉത്തേജനമാകുമെന്ന് എൻജിനീയർ അൽറഷീദ് പറഞ്ഞു.
നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ ആധുനിക വാഹനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനം, ട്രിപ്പ് ഡേറ്റ പ്രദർശിപ്പിക്കുന്ന ഇന്ററാക്ടിവ് സ്ക്രീനുകൾ, ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയത്തിനായി തത്സമയ വിവർത്തന സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പണമടക്കുന്ന പ്രക്രിയയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
‘മക്ക ടാക്സി’ പദ്ധതിയുടെ ഭാഗമായി ഈ വർഷം ടാക്സി വാഹനങ്ങളുടെ എണ്ണം 1,600 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ താമസക്കാരുടെയും തീർഥാടകരുടെയും ഗതാഗത ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ ഈ വിപുലീകരണത്തിലൂടെ സാധിക്കുമെന്ന് അൽറഷീദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

