Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകർക്ക്...

തീർഥാടകർക്ക് കൈത്താങ്ങായി ‘തവക്കൽന’; 19 ഭാഷകളിൽ സേവനം ലഭ്യമാക്കി സൗദി

text_fields
bookmark_border
തീർഥാടകർക്ക് കൈത്താങ്ങായി ‘തവക്കൽന’; 19 ഭാഷകളിൽ സേവനം ലഭ്യമാക്കി സൗദി
cancel

മക്ക: ഹജ്ജ് തീർഥാടകർക്കും ഈ സീസണിൽ സേവനരംഗത്തുള്ള ജീവനക്കാർക്കും ആശ്വാസമായി സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽന’യുടെ സേവനങ്ങൾ ഇനി 19 ഭാഷകളിൽ ലഭ്യമാകും. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചാണ് ഈ ഡിജിറ്റൽ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നത്. തീർഥാടകർ രാജ്യത്ത് എത്തുന്ന നിമിഷം മുതൽ തിരികെ മടങ്ങുന്നതുവരെയുള്ള എല്ലാ യാത്രകളും സുഗമമാക്കുന്നതിനായി വിപുലമായ സാങ്കേതിക സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. അറബിക്, ഇംഗ്ലീഷ്, മലയാളത്തിന് പുറമെ ഹിന്ദി, ഉർദു, ഇന്തോനേഷ്യൻ തുടങ്ങി പത്തൊമ്പതോളം ഭാഷകൾ തവക്കൽനയുടെ ഭാഷ പട്ടികയിലുണ്ട്.

തീർഥാടകർക്ക് തങ്ങളുടെ ആത്മീയ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പെർമിറ്റുകളും വളരെ എളുപ്പത്തിൽ ആപ്പിലൂടെ കണ്ടെത്താനാകും. ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘തസ്‌റീഹ്’ പ്ലാറ്റ്‌ഫോമുമായി തവക്കൽനയെ സംയോജിപ്പിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുന്നത് ലളിതമാകും. തീർഥാടകരുടെ പെർമിറ്റുകൾക്ക് പുറമെ, മക്കയിലേക്കുള്ള പ്രവേശനാനുമതി, ജോലി, സന്നദ്ധസേവനം, വാഹനങ്ങൾ എന്നിവക്കുള്ള വിവിധ സർക്കാർ പെർമിറ്റുകളും ഇതിലൂടെ ആക്‌സസ് ചെയ്യാൻ സാധിക്കും. ഹജ്ജ് വേളയിലെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന വിശ്വസനീയമായ ഒരു ഡിജിറ്റൽ സഹായിയായി ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നു.

ആത്മീയ കാര്യങ്ങൾക്കും സുരക്ഷക്കുമായി നിരവധി പ്രത്യേക സേവനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറഫ പ്രഭാഷണം വിവിധ ഭാഷകളിൽ ശ്രവിക്കാനുള്ള സൗകര്യം, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാൻ സഹായിക്കുന്ന ‘അസ്അഫ്നി’ (എന്നെ സഹായിക്കുക) സേവനം, പുണ്യസ്ഥലങ്ങളിലെ തത്സമയ കാലാവസ്ഥ വിവരങ്ങൾ നൽകുന്ന ‘കാലാവസ്ഥ അപ്‌ഡേറ്റ്’ എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ ഖിബ്ല ദിശ അറിയാനും പ്രാർഥന സമയങ്ങൾ ക്രമീകരിക്കാനും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും തീർഥാടകർക്ക് തവക്കൽന സഹായകമാകും.

നിലവിൽ 35 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള തവക്കൽന ആപ് വഴി മുന്നൂറ്റമ്പതോളം സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആയിരത്തി മുന്നൂറിലധികം സേവനങ്ങളാണ് നൽകിവരുന്നത്. വ്യക്തിഗത വിവരങ്ങൾ മുതൽ ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ സേവനങ്ങൾ ഇതിൽ ലഭ്യമാണ്. ആപ്പിൾ ആപ് സ്റ്റോർ, ഗൂഗ്ൾ പ്ലേ, ആപ് ഗാലറി, ഗാലക്‌സി സ്റ്റോർ എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് തീർഥാടകർക്ക് ഈ സേവനങ്ങളെല്ലാം പ്രയോജനപ്പെടുത്താവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewspilgrimsSaudi Arabian News
News Summary - 'Tawakkalna' to help pilgrims; Saudi Arabia provides service in 19 languages
Next Story