പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്
text_fieldsജിദ്ദ: പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്. ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് പുതിയ അപ്ഡേഷൻ. സൗദി പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും കോവിഡ് സാഹചര്യത്തിൽ ഗവൺമെൻറുമായി ബന്ധപ്പെട്ട വ്യക്തിഗത സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പാണിത്. ഇനി മുതൽ ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കാത്ത രൂപത്തിലാണ് പുതിയ സെക്യൂരിറ്റി അപ്ഡേഷൻ വന്നത്.
ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സെക്യൂരിറ്റി പോളിസി കാരണം സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ലെന്ന മെസേജാവും ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുക. ആപ്പിൾ ഫോണുകളിൽ വെള്ള നിറത്തിലുള്ള സ്ക്രീനും. ഇമ്യൂൺ സ്റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് മാത്രമേ വിലക്കുള്ളൂ. ഹെൽത്ത് പാസ്പോർട്ട് തുടങ്ങി മറ്റു കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിന് ഇപ്പോഴും സാധിക്കും. സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്നത് പിടിക്കാൻ ആഴ്ചകൾക്ക് മുമ്പ് തവക്കൽന സ്റ്റാറ്റസിെൻറ ചുറ്റും മൂവിങ് ഫ്രെയിം കൊടുത്ത് അപ്പിൽ അപ്ഡേഷൻ നടത്തിയിരുന്നു. അതിന് പുറമെയാണിപ്പോൾ കൂടുതൽ സുരക്ഷിതത്വം ലക്ഷ്യമിട്ട് പുതിയ അപ്ഡേഷൻ.
വാക്സിൻ എടുക്കേണ്ട ആവശ്യമില്ലാത്ത വിഭാഗങ്ങൾക്കായി പ്രത്യേക സ്റ്റാറ്റസ് ഉൾപ്പെടുത്തിയും താവക്കൽന അടുത്തിടെ അപ്ഡേഷൻ നടത്തിയിരുന്നു. നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പുതുതായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽന വീണ്ടും ഓർമപ്പെടുത്തി. എന്നാൽ സൗദിയിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഫോൺ നമ്പർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പ്രാവേശിക്കാൻ സാധിക്കും.

