തവക്കൽനയിൽ ഇനി ശമ്പളവിവരങ്ങളും; സർക്കാർ ജീവനക്കാർക്കായി പുതിയ സേവനം
text_fieldsറിയാദ്: സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ശമ്പളവും മറ്റ് സാമ്പത്തിക അവകാശങ്ങളും ഇനി ‘തവക്കൽന’ ആപ്ലിക്കേഷൻ വഴി നേരിട്ടറിയാം. നാഷനൽ സെൻറർ ഫോർ ഗവൺമെന്റ് റിസോഴ്സ് സിസ്റ്റംസ് (എൻ.സി.ജി.ആർ) ആണ് ഈ പുതിയ സേവനം പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വദേശികളും വിദേശികളുമായിട്ടുള്ള ആളുകളുടെ വ്യക്തിഗത സർക്കാർ സേവനത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് തവക്കൽന. രാജ്യത്തെ ഡിജിറ്റൽ സേവന രംഗത്തെ സുപ്രധാന ചുവടുവെപ്പായി പുതിയ സേവനം ഉൾപ്പെടുത്തിയത് വിലയിരുത്തപ്പെടുന്നു. ശമ്പളവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും സാമ്പത്തിക ആനുകൂല്യങ്ങളും തൽക്ഷണം ആപ്പിലൂടെ പരിശോധിക്കാം.
വിവരങ്ങൾക്കായി സർക്കാർ ഓഫിസുകളെ നേരിട്ട് സമീപിക്കേണ്ട സാഹചര്യം ഇല്ലാതാകുന്നു. ഇത് സമയലാഭം നൽകുന്നു. ജീവനക്കാർക്ക് അവരുടെ സാമ്പത്തിക വിവരങ്ങൾ എവിടെയിരുന്നും സുരക്ഷിതമായി നിരീക്ഷിക്കാൻ സാധിക്കും. ഇത് സുതാര്യത ഉറപ്പാക്കുന്നു. എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഏകീകൃത പ്ലാറ്റ്‌ഫോം. ഇത് നടപടിക്രമങ്ങൾ ലളിതമാക്കുന്നു. സർക്കാർ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് നാഷനൽ സെൻറർ ഫോർ ഗവൺമെൻറ് റിസോഴ്സ് സിസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
കോവിഡ്-19 കാലത്ത് ആരോഗ്യ അനുമതികൾക്കായും അണുബാധിരായ ആളുകളുടെ സമ്പർക്ക പട്ടിക (കോൺടാക്റ്റ് ട്രെയ്‌സിങ്) പരിശോനക്കുമായി ആരംഭിച്ച ‘തവക്കൽന’, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി വളർന്നിരിക്കുകയാണ്. ഡിജിറ്റൽ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, യാത്രാരേഖകൾ, നിയമപരമായ അധികാരപത്രങ്ങൾ (പവർ ഓഫ് അറ്റോർണി) തുടങ്ങി ഒട്ടനവധി സേവനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘ഡിജിറ്റൽ വാലറ്റാ’യി ഇത് നിലവിൽ പ്രവർത്തിക്കുന്നു. പുതിയ സേവനം കൂടി എത്തിയതോടെ, സൗദിയിലെ പൗരന്മാരുടെയും വിദേശി താമസക്കാരുടെയും ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി തവക്കൽന മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

