സൗദിയിലെ ഉപയോക്തൃ സംതൃപ്തിയിൽ ‘തവക്കൽന’ ഒന്നാം സ്ഥാനത്ത്
text_fieldsറിയാദ്: സൗദി അറേബ്യയിലെ സർക്കാർ സേവനങ്ങളിലെ ഉപയോക്തൃ സംതൃപ്തിയിൽ രാജ്യത്തിെൻറ സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽന’ ഒന്നാം സ്ഥാനം നേടി. ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി പുറത്തിറക്കിയ 2026-ലെ ഡിജിറ്റൽ അനുഭവ പക്വത സൂചികയിലാണ് തവക്കൽന ഈ നേട്ടം കൈവരിച്ചത്. പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ എളുപ്പമുള്ളതും വിശ്വസനീയവുമായ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ ആപ്പിൽ നടപ്പാക്കി വരുന്ന തുടർച്ചയായ നവീകരണങ്ങൾക്കുള്ള അംഗീകാരമാണിത്. മികച്ച 10 സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പൊതുപട്ടികയിൽ അഞ്ചാം സ്ഥാനവും, മികച്ച ‘യൂസർ എക്സ്പീരിയൻസ്’ വിഭാഗത്തിൽ ഒമ്പതാം സ്ഥാനവും തവക്കൽന സ്വന്തമാക്കി.
വിവിധ സർക്കാർ സേവനങ്ങളും വിവരങ്ങളും ഔദ്യോഗിക രേഖകളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ സമാഹരിച്ചുകൊണ്ട് തവക്കൽന ലഭ്യമാക്കുന്ന സംയോജിത സേവനങ്ങളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
ഇത് ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത ഡിജിറ്റൽ അനുഭവം നൽകാനും, സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കി കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും സേവനങ്ങളുടെയും നിലവാരവും പക്വതയും വർഷം തോറും വിലയിരുത്തുന്നതിനാണ് ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി ഈ സൂചിക തയ്യാറാക്കുന്നത്. ഉപയോക്തൃ സംതൃപ്തി, ഉപയോക്തൃ അനുഭവം, പരാതിപരിഹാര സംവിധാനങ്ങൾ, ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും ഉപകരണങ്ങളും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിർണയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

