മക്കയെയും മദീനയെയും ലക്ഷ്യമിടുന്നത് ഹീനമായ കുറ്റകൃത്യം - ഇരുഹറം മതകാര്യ അതോറിറ്റി
text_fieldsമദീന: ഹൂതി ഭീകരസംഘടന മക്കയെയും മദീനയെയും ലക്ഷ്യമിട്ട് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഇരുഹറം മതകാര്യ അതോറിറ്റി അപലപിച്ചു. പുണ്യസ്ഥലങ്ങളുടെ പവിത്രതക്ക് മേലുള്ള നഗ്നമായ കയ്യേറ്റമാണ് ഈ ക്രിമിനൽ കൃത്യങ്ങളെന്ന് അതോറിറ്റി വ്യക്തമാക്കി.
ഭൂമിയിൽ അക്രമവും കുഴപ്പങ്ങളും ഉണ്ടാക്കുന്നത് നിരോധിക്കുകയും പുണ്യസ്ഥലങ്ങളെ ആദരിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനും കൽപ്പിക്കുകയും ചെയ്യുന്ന ഇസ്‍ലാമിക അധ്യാപനങ്ങളുടെ നഗ്നമായ ലംഘനമാണിത്. സിവിലിയന്മാരെയും സ്ഥാപനങ്ങളെയും പുണ്യസ്ഥലങ്ങളെയും ലക്ഷ്യമിടുന്നത് മതപരമായി നിഷിദ്ധവും മനുഷ്യത്വത്തിന് നിരക്കാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.
ഈ ആക്രമണങ്ങൾ സൗദി അറേബ്യയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുകയില്ലെന്നും രാജ്യത്തിന്റെ നേതൃത്വവും ജനങ്ങളും തങ്ങളുടെ പുണ്യസ്ഥലങ്ങളെ സംരക്ഷിക്കുന്നതിലും ഇരുഹറമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിടുന്ന എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കുന്നതിലും കൂടുതൽ ദൃഢനിശ്ചയമുള്ളവരായിരിക്കുമെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

