Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാജിമാർക്കും...

ഹാജിമാർക്കും വളണ്ടിയർമാർക്കും തനിമയുടെ ഡിജിറ്റൽ സഹായി പുറത്തിറക്കി

text_fields
bookmark_border
ഹാജിമാർക്കും വളണ്ടിയർമാർക്കും തനിമയുടെ ഡിജിറ്റൽ സഹായി പുറത്തിറക്കി
cancel
camera_alt

ഹാജിമാർക്ക് തനിമ തയ്യാറാക്കിയ ഹജ്ജ്, ഉംറ മൊബൈൽ ആപ്പ് പ്രകാശനം ജിദ്ദയിൽ നടന്നപ്പോൾ.

ജിദ്ദ: തീർഥാടകർക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി തനിമ ഹജ്ജ്, ഉംറ മൊബൈൽ ആപ്പ് പരിഷ്കരിച്ച് പുറത്തിറക്കി. ഹജ്ജിനും ഉംറക്കും പോകുന്നവരെ പ്രത്യേകം ലക്ഷ്യമിട്ട് തയ്യാറാക്കിയ സമഗ്ര ഡിജിറ്റൽ സഹായിയാണിത്. പുതുക്കിയ പതിപ്പ് ജിദ്ദയിൽ നടന്ന ഹജ്ജ് വളണ്ടിയർ സംഗമത്തിൽ തനിമ കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ പ്രകാശനം ചെയ്തു. ഹാജിമാർക്ക് ആവശ്യമായ വിവരങ്ങളും അറിയിപ്പുകളും യഥാസമയം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും മിനയിലും അറഫയിലും ഹാജിമാരെ സഹായിക്കുന്ന വളണ്ടിയർമാർക്ക് ഈ ആപ്പ് ഏറെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ്, ഉംറ തീർഥാടകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നു എന്നതാണ് ആപ്പിന്റെ സവിശേഷതയെന്ന് ആപ്പ് ഇൻ ചാർജ് മുനീർ ഇബ്രാഹിം പയ്യന്നൂർ പറഞ്ഞു. പ്രത്യേകിച്ച് ഇന്ത്യൻ തീർഥാടകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി തയ്യാറാക്കിയ ആപ്പാണിത്. ഹജ്ജ് കർമങ്ങളുടെ ചെറുവിവരണങ്ങളും മക്ക,മദീന, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്‌ലാമിക ചരിത്ര പ്രദേശങ്ങ ളിലെ വിവരങ്ങളും കൂടി ഉൾപ്പെടുത്തിയാണ് പരിഷ്കരിച്ചത്. ഹാജിമാർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യുന്ന മക്ക, മിന, അറഫ, അസീസിയ തുടങ്ങിയ സ്ഥലങ്ങളുടെ മാപ്പും ലൊക്കേഷനും, ആശുപത്രി, ക്ലിനിക്, ആംബുലൻസ് ലൊക്കേഷനുകൾ, ഇന്ത്യൻ ഹജ്ജ് മിഷൻ, സൗദി അതോറിറ്റി കോൺടാക്റ്റുകൾ, ഹജ്ജ് കർമങ്ങൾ, പ്രാർത്ഥനകൾ, ഖുർആൻ, അടിയന്തര സഹായത്തിനുള്ള വളണ്ടിയർ കോൺടാക്റ്റുകൾ, റിയൽ ടൈം നോട്ടിഫിക്കേഷനുകൾ, അപ്ഡേറ്റുകൾ, നുസുക് സേവനങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാണ്. മലയാളത്തിനു പുറമെ, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലും ഉപയോഗിക്കാം.

24 മണിക്കൂർ എമർജൻസി സപ്പോർട്ട്, വളണ്ടിയർമാരുടെ സഹായം, മെഡിക്കൽ, സുരക്ഷ, യാത്രാ സഹായങ്ങൾ, ഹജ്ജുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ, സൗദി ഹജ്ജ് അതോറിറ്റിയുടെ ഔദ്യോഗിക അറിയിപ്പുകൾ എന്നിവയോടൊപ്പം ബുക്ക് മാർക്കിംഗ് സൗകര്യവുമുണ്ട്. ഹാജിമാർക്ക് വീണ്ടും ആവശ്യമായി വരുന്ന പ്രധാന കാര്യങ്ങൾ ഇതിൽ സേവ് ചെയ്തുവെക്കാം. സാധാരണക്കാർക്ക് ഉപയോഗിക്കാനായി ഏറ്റവും എളുപ്പമുള്ള ഇന്റർഫേസും ഉറപ്പാക്കിയിട്ടുണ്ട്.

ഒരു തീർഥാടകനെ സഹായിക്കുക എന്നത് വലിയ പുണ്യകർമ മാണെന്നും ഈ ആപ്പ് അവരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിലൂടെ അത് നിർവഹിക്കാമെന്നും മുനീർ ഇബ്രാഹിം പയ്യന്നൂർ പറഞ്ഞു. ആപ്പ് പരിശോധിച്ചും പരിചയ സമ്പന്നരായ മറ്റു വളണ്ടിയർമാരുടെ സഹായം തേടിയും മാത്രമേ ഹാജിമാർക്ക് യഥാർഥ വഴി കാണിക്കാനോ നിർദേശങ്ങൾ നൽകാനോ പാടുള്ളൂവെന്ന് തനിമ ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ അബ്ഷീർ വളപട്ടണം വളണ്ടിയർമാരെ ഉണർത്തി. വിവിധ ലോക്കേഷനുകൾ കണ്ടെത്താൻ സഹായക മാകുന്ന മാപ്പ് റീഡിംഗ് അദ്ദേഹം വളണ്ടിയർമാരെ പരിശീലിപ്പിച്ചു.

തനിമ കേന്ദ്ര ജനറൽ സെക്രട്ടറി ഉമർ ഫാറൂഖ് പാലോട്, ഹജ്ജ് വളണ്ടിയർ ജനറൽ കൺവീനർ തമീം അബ്ദുല്ല മമ്പാട്, തനിമ കേന്ദ്ര സമിതി അംഗവും ഹജ്ജ് അമീറുമായ ശഫീഖ് നദ് വി മലപ്പുറം എന്നിവർ സംസാരിച്ചു. 'Thanima Hajj & Umra' എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsvolunteersHajis
News Summary - Tanima's digital assistant released for Hajis and volunteers
Next Story