ഇ.എൻ. അബ്ദുല്ല മൗലവിയെ തനിമ സൗദി ഘടകം അനുസ്മരിച്ചു
text_fieldsഇ.എൻ. അബ്ദുല്ല മൗലവിയെ അനുസ്മരിച്ച് ‘തനിമ’ സൗദി ഘടകം ഓൺലൈനായി സംഘടിപ്പിച്ച യോഗം
റിയാദ്: പ്രമുഖ പണ്ഡിതനും 1990 കളിൽ സൗദി അറേബ്യയിലെ ‘തനിമ’യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഇ.എൻ. അബ്ദുല്ല മൗലവിയുടെ നിര്യാണത്തിൽ തനിമ സൗദി ഘടകം അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന സംഗമത്തിൽ തനിമ കേന്ദ്ര പ്രസിഡന്റ് നജ്മുദ്ദീൻ അമ്പലങ്ങാടൻ അധ്യക്ഷത വഹിച്ചു.
സൗദിയിലെ ഇസ്ലാമിക പ്രസ്ഥാന മേഖലയിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ ഇ.എൻ. അബ്ദുല്ല മൗലവിയുടെ ജീവത മാതൃകകൾ എല്ലാവർക്കും ഏറെ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. തനിമ മുൻ കേന്ദ്ര പ്രസിഡന്റ് കെ.എം. ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശസ്ത പണ്ഡിതനും ദീർഘകാലം ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗവുമായിരുന്ന ഇ.എൻ. അബ്ദുല്ല മൗലവി 90 കളിൽ സൗദിയിലെ മലയാളികൾക്കിടയിൽ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങൾക്ക് പുറമെ സൗദിയിലെ ചെറിയ പ്രദേശങ്ങൾ പോലും സന്ദർശിക്കുകയും അവിടെയെല്ലാമുള്ള പ്രവർത്തകരെ ഒരുമിച്ചുകൂട്ടി അവർക്ക് പ്രാസ്ഥാനികമായ അവബോധവും വൈജ്ഞാനിക അറിവും പകർന്നുനൽകാൻ അദ്ദേഹം വഹിച്ച പങ്ക് ഏറെ സ്മരണീയമാണെന്നും കെ.എം. ബഷീർ അനുസ്മരിച്ചു. ഉമറുൽ ഫാറൂഖ് കോഴിക്കോട്, എം. അഷ്റഫ്, അഷ്റഫ് കൊടിഞ്ഞി, നാസർ കല്ലായി, മുഹമ്മദ് ബാവ, കെ.എച്ച്. അബ്ദുറഹീം എന്നിവർ സംസാരിച്ചു. സഫറുല്ല മുല്ലോളി ഖിറാഅത്ത് നടത്തി.
തനിമ കേന്ദ്ര ജനറൽ സെക്രട്ടറി മുജീബുറഹ്മാൻ കോഴിക്കോട് സ്വാഗതവും കേന്ദ്ര സമിതിയംഗം എസ്.എം. നൗഷാദ് സമാപന പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

