തനിമ ഹജ്ജ് വളൻറിയർമാർ സജ്ജരായി; പരിശീലന പരിപാടി പൂർത്തിയായി
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകരെ സഹായിക്കുന്നതിനായി തനിമയുടെ കീഴിൽ സേവനനിരതരാകുന്ന ഹജ്ജ് വളൻറിയർമാർക്കുള്ള അവസാനഘട്ട പരിശീലനം പൂർത്തിയായി. അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വളൻറിയർമാർക്കുള്ള ഈ പരിശീലന പരിപാടി തനിമ കേന്ദ്ര പ്രസിഡൻറ് എ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകളായുള്ള തനിമയുടെ ഹജ്ജ് സർവീസ് പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും, ആത്മാർഥമായും ഉത്തരവാദിത്തത്തോടെയും ഈ പവിത്രമായ ദൌത്യം പൂർത്തിയാക്കണമെന്നും അദ്ദേഹം വളൻറിയർമാരെ ഓർമ്മിപ്പിച്ചു. തീർഥാടന കർമങ്ങൾക്കിടയിൽ അവശരാകുന്ന ഹാജിമാരെ സേവിക്കുകയും അവരെ സുരക്ഷിതമായി ടെൻറുകളിലെത്തിക്കുകയുമാണ് വളൻറിയർമാരുടെ പ്രധാന ചുമതല.
വഴി അറിയാതെ ബുദ്ധിമുട്ടുന്ന ഹാജിമാർക്ക്, ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞായിരിക്കും സ്വന്തം ടെൻറ് കണ്ടെത്താൻ കഴിയുക. ഇത്തരക്കാർക്ക് മുന്നിലാണ് വീൽ ചെയറുമായും മറ്റു സംവിധാനങ്ങളുമായും തനിമയുടെ വളൻറിയർമാർ സഹായവുമായി എത്തുന്നത്. ഹാജിമാർക്കും വളൻറിയർമാർക്കും ഒരു പോലെ സഹായകമാകുന്ന രീതിയിൽ തനിമ രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പും ഇതിനായി പുറത്തിറക്കിയിട്ടുണ്ട്.
വിശുദ്ധ ഭൂമിയിൽ വെച്ച് ഹാജിമാരെ എങ്ങനെ കാര്യക്ഷമമായി സഹായിക്കാമെന്നതിനെ കുറിച്ച് അവസാനഘട്ട പരിശീലന ക്ലാസ്സിൽ തനിമ ഹജ്ജ് - ഉംറ മൊബൈൽ ആപ്പ് ഇൻ ചാർജ് മുനീർ ഇബ്രാഹിം, വളൻറിയർ സർവീസ് ജനറൽ കൺവീനർ തമീം മമ്പാട്, ക്യാപ്റ്റൻ അബ്ശീർ എന്നിവർ വിശദീകരിച്ചു. തുടർന്ന്, ജനസേവനത്തിെൻറ പ്രാധാന്യത്തെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും തനിമ കേന്ദ്ര സമിതി അംഗം ശഫീഖ് നദ്‌വി നസീഹത്ത് നടത്തി.
മറ്റു സന്നദ്ധ സേവന സംഘടനകളുമായി പൂർണ്ണമായി സഹകരിച്ചും, അധികൃതരുടെ നിർദേശങ്ങൾ യഥാസമയം അനുസരിച്ചും തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്ന് സമാപന പ്രസംഗത്തിൽ തനിമ കേന്ദ്ര ജനറൽ സെക്രട്ടറി ഉമർ ഫാറൂഖ് പാലോട് വളൻറിയർമാരെ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

