സൗദിയിൽ തമിഴ് വയോധികൻ മൂന്നുവർഷമായി നിയമക്കുരുക്കിൽ; സാമൂഹികപ്രവർത്തകർ ഇടപെട്ട് നാട്ടിലയച്ചു
text_fieldsമുരുഗൻ ഷൺമുഖനെ യാത്രയാക്കുന്നു
അബ്ഹ: മൂന്നുവർഷമായി നിയമക്കുരുക്കിലായ തമിഴ് വയോധികന് മലയാളി സാമൂഹികപ്രവർത്തകർ തുണയായി. 15 വർഷമായി 400 റിയാലിനും കഴിഞ്ഞ രണ്ടുവർഷമായി 500 റിയാലിനും ആട്ടിടയനായും കൃഷിപ്പണിക്കാരനായും ലേബറായും ജോലിചെയ്തുവന്ന മുരുകൻ ഷൺമുഖനെന്ന എഴുപതുകാരനെ നാട്ടിലയച്ചു. മൂന്നുവർഷത്തിലേറെയായി ഇഖാമയുടെ കാലാവധി കഴിഞ്ഞ് നിയമക്കുരുക്കിലായിരുന്നു.
ആറുവർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന വയോധികന് തുണയായത് സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചലും സുഹൃത്തുക്കളുമാണ്. ലേബർ ഓഫിസിൽ പരാതിപ്പെട്ടാൽ ജയിലിൽ അടക്കുമെന്നായിരുന്നു സ്പോൺസറുടെ ഭീഷണി. രക്ഷപ്പെടുത്തി നാട്ടിലയക്കാൻ ഇയാളുടെ സുഹൃത്ത് രാമലിംഗം ഖമീസ് മുശൈത്തിലെ മലയാളികൾ കൂടുന്ന മാർക്കറ്റിലെത്തി സഹായം തേടുകയായിരുന്നു. ഒ.ഐ.സി.സി ദക്ഷിണമേഖല പ്രസിഡന്‍റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വളന്‍റിയറുമായ അഷ്റഫ് കുറ്റിച്ചലും സുഹൃത്തുക്കളും നാട്ടിലയക്കാൻ മുന്നോട്ടുവരുകയായിരുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നും ജവാസാത്തിലേക്ക് സഹായമഭ്യർഥിച്ചുള്ള കത്ത് വാങ്ങി അബഹ നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മാന അൽഖഹ്താനിയുടെയും അബഹ മാനവവിഭവശേഷി സാമൂഹിക വികസന വകുപ്പ് ജനറൽ സൂപ്പർവൈസർ സാലിഹ് മുത്തൈരിയുടെയും സഹായത്തോടെയാണ് ഷൺമുഖന് നാട്ടിൽ പോകാനാവശ്യമായ യാത്രാരേഖകൾ തയാറാക്കിയത്.
അബഹയിൽനിന്നും ദുബൈ ചെന്നൈയിലേക്കുള്ള ഫ്ലൈ ദൂബൈ വിമാനത്തിൽ ഇദ്ദേഹം നാട്ടിലേക്കു തിരിക്കും. നാട്ടിൽ ഭാര്യയും ഒരു മകനും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയമാണ് ഷൺമുഖൻ. തുച്ഛമായ ശമ്പളത്തിൽനിന്നും അയക്കുന്ന തുകകൊണ്ടാണ് നിർദ്ധനരായ കുടുംബത്തിന്‍റെ ചെലവുകൾ നടന്നിരുന്നത്. അദ്ദേഹത്തിനുള്ള വിമാനടിക്കറ്റ് അഷ്റഫ് കുറ്റിച്ചലും സാമൂഹിക പ്രവർത്തകരായ റോയി മൂത്തേടവും രാധാകൃഷ്ണൻ കോഴിക്കോടും ചേർന്ന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

