ത്വാഇഫ് അൽ റുദഫ് പാർക്കിലെ മേളയിലേക്ക് സന്ദർശക പ്രവാഹം
text_fieldsത്വാഇഫിലെ അൽ റുദഫ് പാർക്കിൽ റോസ് ആൻഡ് ആരോമാറ്റിക് പ്ലാൻറ്സ് ഗ്ലോബൽ ഫോറം ഒരുക്കിയ മേളയുടെ കാഴ്ചകൾ
ത്വാഇഫ്: അൽ റുദഫ് പാർക്കിൽ റോസ് ആൻഡ് അരോമാറ്റിക് പ്ലാന്റ്സ് ഗ്ലോബൽ ഫോറം നടത്തുന്ന മേള കാണാൻ സന്ദർശകരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ മാസം 13ന് ആരംഭിച്ച മേളയിലേക്ക് 10 ദിവസത്തിനുള്ളിൽ എത്തിയത് മൂന്നര ലക്ഷത്തിലധികം സന്ദർശകർ. മേള ശനിയാഴ്ച സമാപിക്കും. 8,50,000 പൂക്കളാൽ ഒരുക്കിയ പരവതാനി തന്നെയാണ് മേളയിലെ മുഖ്യ ആകർഷകം. മേളയോടനുബന്ധിച്ച് ലൈറ്റ് ഷോ, റോസാപൂ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, ഭക്ഷ്യമേള, കുട്ടികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രദേശവാസികളുടെയും ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളുടെയും ശ്രദ്ധേയമായ പങ്കാളിത്തമാണ് മേളയിലുള്ളത്. പ്രദേശത്തെ കർഷകർക്കും കച്ചവടക്കാർക്കും അവരുടെ വിഭവങ്ങൾ വിപണനം ചെയ്യാൻ കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പൈതൃക ചരിത്രപ്രദേശങ്ങളിലും സന്ദർശകരുടെ നല്ല സാന്നിധ്യമാണ് പ്രകടമാകുന്നത്.
ആർട്ടിഫിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പവലിയൻ, ത്വാഇഫിലെ പ്രസ്തമായ റോസപ്പൂക്കളുടെ തോട്ടങ്ങളുടെ സമഗ്രമായ ചരിത്രരേഖകൾ ഉൾപ്പെടുത്തി വിവിധ സ്റ്റാളുകൾ മേളയിലുണ്ട്. സൗദിയുടെ പരമ്പരാഗത വാസ്തുവിദ്യയുടെയും ത്വാഇഫിന്റെ വ്യതിരിക്തമായ നിർമാണശൈലിയുടെയും ഘടകങ്ങൾ സംയോജിപ്പിക്കുന്ന വിധത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്.
അൽ ഹദ പർവതനിരകളുടെ മാതൃകയും യുഗങ്ങളിലൂടെയുള്ള ഗതാഗത സംവിധാനങ്ങളുടെ പ്രതിനിധാനങ്ങളും ഉൾക്കൊള്ളുന്ന പ്രദേശങ്ങളുടെ പരിണാമത്തിന്റെ കഥയും മേളയിൽ സന്ദർശകർക്ക് പകരുന്നു. ത്വാഇഫിനെയും മക്കയെയും ഒരുകാലത്ത് ബന്ധിപ്പിച്ചിരുന്ന ചരിത്രപ്രസിദ്ധമായ ഒട്ടക പാതയിൽനിന്ന് ആധുനിക അൽ മസഫല റോഡിലേക്കുള്ള യാത്ര സന്ദർശകർക്ക് കണ്ടെത്താനാകും. പർവതപ്രദേശങ്ങളിലൂടെ മിനിറ്റുകൾക്കുള്ളിൽ യാത്രക്കാരെ എത്തിക്കുന്ന ഇന്നത്തെ കേബിൾ കാർ സംവിധാനത്തിന്റെ ഒരു പ്രാതിനിധ്യത്തോടെയാണ് ഇത് പര്യവസാനിക്കുന്നത്.
നഗരത്തിന്റെ സാങ്കേതികവും സാംസ്കാരികവുമായ പുരോഗതിയുടെ ശക്തമായ പ്രതീകമായി മേള അടയാളപ്പെടുത്തുന്നു. രാജ്യത്തെയും പുറത്തുമുള്ള ആയിരക്കണക്കിന് സന്ദർശകരും സഞ്ചാരികളും പ്രദേശത്തെ കർഷകരുടെ പാരമ്പര്യ ഉത്സവം കൂടിയായ മേളയെ വമ്പിച്ച ആവേശത്തോടെയാണ് വരവേൽക്കുന്നത്.
സൗദിയുടെ സുസ്ഥിര വികസനത്തിന്റെ സാമ്പത്തിക സഹായിയാക്കി മാറ്റുന്നതിനുള്ള വൈവിധ്യമാർന്ന പദ്ധതികളും മേളയിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു. സൗദി വിഷൻ 2030 ലക്ഷ്യങ്ങളിലെ ടൂറിസവികസനം കൂടി റോസ് ആൻഡ് ആരോമാറ്റിക് പ്ലാൻറ്സ് ഗ്ലോബൽ ഫോറം ഒരുക്കിയ മേള വഴി പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

