ത്വാഇഫ് അമ്യൂസ്മെന്റ് പാർക്ക് അപകടം; പരിക്കേറ്റ ബാലിക മരിച്ചു
text_fieldsത്വാഇഫിലെ അൽഹദയിൽ ജബൽ അൽ അക്തർ അമ്യുസ്സ്മെന്റ് പാർക്കിലെ യന്ത്രഊഞ്ഞാൽ പൊട്ടിവീണപ്പോൾ
ത്വാഇഫ്: മൂന്നാഴ്ച മുമ്പ് ത്വാഇഫിലെ അൽഹദയിൽ ജബൽ അൽ അക്തർ അമ്യൂസ്മെന്റ് പാർക്കിലെ യന്ത്രഊഞ്ഞാൽ പൊട്ടി തകർന്നുണ്ടായ ദാരുണമായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സൗദി ബാലിക മരിച്ചു.വദ്ഹ ബിൻത് അസീസ് അൽഫഹ്മിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാലികയെ ത്വാഇഫ് കിങ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ബാലികയെ എയർ ആംബുലൻസിൽ റിയാദ് നാഷനൽ ഗാർഡിനു കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു. ഇവിടുത്തെ ചികിത്സക്കിടെയാണ് ബാലിക മരിച്ചത്.
മൃതദേഹം ത്വാഇഫിലെത്തിച്ച് ഖബറടക്കുമെന്നും മരണാനന്തര കർമങ്ങളുടെ സമയം പിന്നീട് അറിയിക്കുമെന്നും ബാലികയുടെ സഹോദരൻ അറിയിച്ചു. മരിച്ച ബാലിക വദ്ഹയുടെ സഹോദരിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ റിയാദ് പ്രിൻസ് സുൽത്താൻ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണ്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിരുന്നു. അവരിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു.അപകടം നടന്നയുടൻ അമ്യൂസ്മെന്റ് പാർക്ക് അധികൃതർ അടച്ചുപൂട്ടി. അപകട കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

