ടി. ശിവദാസമേനോനും സജ്ജാദ് ഓയൂരിനും നവോദയ ആദരാഞ്ജലി അർപ്പിച്ചു
text_fieldsനവോദയ റിയാദ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ശ്രീരാജ് സംസാരിക്കുന്നു
റിയാദ്: സി.പി.എം സമുന്നത നേതാവും മുൻ മന്ത്രിയുമായിരുന്ന ടി. ശിവദാസ മേനോന്റെയും നവോദയ കലാസാംസ്കാരിക വേദി റിയാദ് മുൻ കേന്ദ്ര കമ്മിറ്റി അംഗവും കൊല്ലം ഓയൂർ സ്വദേശിയുമായ സജ്ജാദിന്റെയും നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നവോദയ അനുശോചന യോഗം സംഘടിപ്പിച്ചു. സി.പി.എമ്മിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ശിവദാസമേനോൻ മികച്ച ഭരണാധികാരിയും പാർട്ടി പ്രവർത്തകർക്ക് ലളിത ഭാഷയിൽ രാഷ്ട്രീയ വിജ്ഞാനം പകർന്നുനൽകിയ അധ്യാപകനും ജനകീയ നേതാവുമായിരുന്നുവെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. മാതൃക കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. പ്രായം മറന്നുപോലും പല സമരമുഖങ്ങളിലും ശിവദാസമേനോൻ സജീവമായിരുന്നു. പൊലീസ് മർദനവും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
സജ്ജാദിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സംഘടന പ്രവർത്തകരെയും ഏറെ വേദനിപ്പിച്ചിരുന്നു. പ്രവാസിയായിരിക്കുമ്പോഴും നാട്ടിലുള്ളവരുടെ പ്രശ്നങ്ങളിലിടപെടുകയും അനവധി കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമടക്കം നൽകി നാട്ടുകാർക്കും പ്രവാസികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന വ്യക്തിയായിരുന്നു സജ്ജാദെന്ന് നവോദയ പ്രവർത്തകർ അനുസ്മരിച്ചു. മുൻ കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ നവോദയയുടെ വളർച്ചക്ക് അദ്ദേഹം നൽകിയ സംഭാവനകളും അനുസ്മരിക്കപ്പെട്ടു. യോഗത്തിൽ നവോദയ പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. പൂക്കോയ തങ്ങൾ, ശ്രീരാജ്, കുമ്മിൾ സുധീർ, രവീന്ദ്രൻ പയ്യന്നൂർ, അനിൽ മണമ്പൂര്, അബ്ദുൽ കലാം, ജയജിത്ത്, ഹാരിസ്, ഷാജു പത്തനാപുരം, ബാബുജി, അനിൽ പിരപ്പൻകോട്, നിസാർ അഹമ്മദ്, ഷൈജു ചെമ്പൂര്, ജേക്കബ് എന്നിവർ സംസാരിച്ചു.