'മക്ക സഖ്യ'ത്തിൽ ചേരാൻ സിറിയക്കും താല്പര്യം; ഇസ്രായേൽ പരമാധികാര ലംഘനം നടത്തുന്നുവെന്ന് സിറിയൻ വിദേശകാര്യ മന്ത്രി
text_fieldsസിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനി
ജിദ്ദ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവ ഉൾപ്പെടുന്ന 'മക്ക സഖ്യം' കൂട്ടായ്മയിൽ ചേരുന്നതിനുള്ള സാധ്യതകൾ സിറിയ പരിശോധിച്ചുവരികയാണെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനി അറിയിച്ചു. പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള 'മനാമ ഡയലോഗ് 2026' സെഷനിൽ സംസാരിക്കവെയാണ് സിറിയയുടെ പ്രവേശനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. സിറിയൻ അറബ് വാർത്താ ഏജൻസിയായ 'സാന'യെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
മേഖല നേരിടുന്ന വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ പ്രതിരോധിക്കാൻ സംയുക്ത പ്രതിരോധ സംവിധാനങ്ങളും ശത്രുക്കളെ തടഞ്ഞുനിർത്താനുള്ള ശേഷിയും വികസിപ്പിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേൽ സിറിയൻ പ്രദേശങ്ങളിൽ ആയിരത്തിലധികം ആക്രമണങ്ങൾ നടത്തിയതായും ഡസൻ കണക്കിന് ആളുകൾ ഇതിൽ കൊല്ലപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ പരമാധികാരം ദിവസേന ലംഘിക്കപ്പെടുമ്പോൾ അതിർത്തി നിയന്ത്രണത്തെക്കുറിച്ചുള്ള ആവശ്യങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഗോലാൻ കുന്നുകൾ സിറിയൻ പ്രദേശമാണെന്ന് ആവർത്തിച്ച അൽ ഷൈബാനി, ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ 497-ാം പ്രമേയമാണ് അന്താരാഷ്ട്ര തലത്തിൽ പ്രസക്തമായ രേഖയെന്നും കൂട്ടിച്ചേർത്തു.

