സൗദി അറേബ്യയിൽ സുസ്ഥിര വനപരിപാലന പദ്ധതിക്ക് തുടക്കം
text_fieldsസൗദി അറേബ്യയിൽ സുസ്ഥിര വനപരിപാലന പദ്ധതിക്ക് തുടക്കം കുറിച്ച ചടങ്ങിൽനിന്ന്
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ദേശീയ സുസ്ഥിര വനപരിപാലന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയ ഉപമന്ത്രി എൻജി. മൻസൂർ ബിൻ ഹിലാൽ അൽമുശൈതിയുടെ സാന്നിധ്യത്തിൽ ദേശീയ വനവൽക്കരണ മരുഭൂവൽക്കരണ വിരുദ്ധ കേന്ദ്രവും അൽമുറൂജ് ഫൗണ്ടേഷനും ചേർന്ന് പദ്ധതിക്കായി നാല് കോടി റിയാലിെൻറ തന്ത്രപ്രധാന കരാർ ഒപ്പിട്ടു. സർക്കാർ മേഖല, ലാഭേച്ഛയില്ലാത്ത ഫൗണ്ടേഷനുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുക.
വനങ്ങളെ കൂടുതൽ സമഗ്രവും സുസ്ഥിരവുമായ മാനേജ്മെൻറിലേക്ക് ഉയർത്തുക, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുക, നാശോന്മുഖമായ പ്രദേശങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്), റിമോട്ട് സെൻസിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും, കാട്ടുതീ പ്രതിരോധം, നിരീക്ഷണം, ദുരന്തനിവാരണം എന്നിവക്കായുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.
പൊതുജന പങ്കാളിത്തവും ലാഭേച്ഛയില്ലാത്ത മേഖലയുടെ സഹകരണവും ഉറപ്പാക്കുന്ന പുതിയ നയത്തിെൻറ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. അൽ മുറൂജ് ഫൗണ്ടേഷെൻറ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നത് വനസംരക്ഷണ ശ്രമങ്ങൾക്ക് പുതിയ കരുത്ത് പകരുമെന്നും പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിവിധ മേഖലകളുടെ സംയോജിത പ്രവർത്തനം അത്യന്താപേക്ഷിതമാണെന്നും ഉപമന്ത്രി എൻജി. മൻസൂർ ബിൻ ഹിലാൽ അൽമുശൈതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

