റിയാദ് വിമാനത്താവള പ്രവർത്തനങ്ങൾ നിർത്തിവെച്ച നടപടി നീട്ടി: സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsറിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ച നടപടി നീട്ടിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. അതോറിറ്റിയുടെ ഔദ്യോഗിക 'എക്സ്' സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ അക്കൗണ്ട് വഴി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി വിമാനത്താവള സൗകര്യങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും പരിശോധിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. ഹൂതി മിസൈൽ ആക്രമണത്തെ തുടർന്ന് സൗകര്യങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി കഴിഞ്ഞ ശനിയാഴ്ചയാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയത്.
വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനു ശേഷവും വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം തുടരുന്ന സാഹചര്യമുണ്ടായി. ഞായറാഴ്ച വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ അജ്ഞാതമായ വസ്തു പതിച്ചുണ്ടായ തീപിടുത്തത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഞ്ച് ദിവസത്തിനിടെ റിയാദ് വിമാനത്താവളത്തിന് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട നാലാമത്തെ ആക്രമണമായിരുന്നു ഞായറാഴ്ചത്തേത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണത്തെത്തുടർന്നാണ് സൗദിയുടെ സിരാകേന്ദ്രത്തിലുള്ള വിമാനത്താവളം അടച്ചിടേണ്ടി വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

