ഓൺലൈൻ, സമൂഹ മാധ്യമ ഉള്ളടക്കങ്ങളിൽ നിരീക്ഷണം; ഒമ്പത് പേർക്കെതിരെ കടുത്ത നടപടി
text_fieldsറിയാദ്: ഓൺലൈൻ, സമൂഹ മാധ്യമ ഉള്ളടക്കങ്ങളിൽ സൂക്ഷ്മ നിരീക്ഷണം കർശനമാക്കി സൗദി അറേബ്യ. ഭിന്നതക്ക് കാരണമാകുന്നതോ ദേശീയ താൽപര്യങ്ങൾക്ക് തുരങ്കം വെക്കുന്നതോ രാജ്യദ്രോഹമോ ഭിന്നതയോ പ്രോത്സാഹിപ്പിക്കുന്നതോ ആയ എന്തും പ്രസിദ്ധീകരിക്കുന്നത് വിലക്കുന്ന നിയമം അടിസ്ഥാനമാക്കിയാണിത്. ഇത്തരത്തിലുള്ള ഏെതാരു മാധ്യമ ഉള്ളടക്കങ്ങൾക്കും എതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ ആരംഭിച്ചു.
ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ, പ്രിൻറിങ് ആൻഡ് പബ്ലിഷിങ് നിയമലംഘനങ്ങൾ പരിശോധിക്കുന്ന സമിതി ഒമ്പത് വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിച്ചു. ഡിജിറ്റൽ, ഓൺലൈൻ പബ്ലിഷിങ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇവർ പ്രചരിപ്പിച്ചതായി കണ്ടെത്തി. പൊതുസമാധാനം, ദേശീയ താൽപര്യം എന്നിവയെ ബാധിക്കുന്നതോ അല്ലെങ്കിൽ പ്രകോപനം, വിദ്വേഷം, ഭിന്നത എന്നിവ വളർത്തുന്നതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
നിയമലംഘകർക്ക് പിഴ ചുമത്താനും ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടതായി അതോറിറ്റി വ്യക്തമാക്കി. മാധ്യമ നിയമങ്ങൾ ലംഘിക്കുന്ന ഏത് ഉള്ളടക്കത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

