ശസ്ത്രക്രിയ വിജയകരം; വേർപിരിഞ്ഞ് സൗദി സയാമീസ് ഇരട്ടകൾ യാരയും ലാറയും
text_fieldsസൗദി സയാമീസ് ഇരട്ടകളായ യാരയും ലാറയും ശസ്ത്രക്രിയക്കിടെ
റിയാദ്: സൗദി സയാമീസ് ഇരട്ടകളായ യാറ, ലാറ എന്നീ ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും സയാമീസ് ശസ്ത്രക്രിയാസംഘം മേധാവിയുമായ ഡോ. അബ്ദുല്ല അൽ റബീഅ അറിയിച്ചു. യാര, ലാറ എന്നീ ഇരട്ടകളെ വേർപെടുത്തുന്നതിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ സംഘം കഴിഞ്ഞ മണിക്കൂറുകളിൽ കുടൽ വേർപെടുത്തൽ ഉൾപ്പെടുന്ന ശസ്ത്രക്രിയയുടെ നാലാം ഘട്ടം വിജയകരമായി പൂർത്തിയാക്കി.
സൗദി സയാമീസ് ഇരട്ടകളായ യാരയും ലാറയും ശസ്ത്രക്രിയക്കിടെ
അനസ്തേഷ്യ, എൻഡോസ്കോപ്പി, സ്റ്റെറിലൈസേഷൻ എന്നീ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇത് നേടിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പെൺകുട്ടികളും ചെറുകുടലിന്റെ അവസാന ഭാഗം പങ്കിട്ടിരുന്നതായി ചികിത്സിക്കുന്ന സംഘത്തിലെ പീഡിയാട്രിക് സർജറി കൺസൾട്ടന്റ് ഡോ. മുഹമ്മദ് അൽ നംഷാൻ വിശദീകരിച്ചു. യാതൊരു സങ്കീർണതകളുമില്ലാതെ കുടലുകൾ പൂർണമായും വേർപെടുത്തിയതായും ശേഷം യൂറോളജി വിഭാഗം ശസ്ത്രക്രിയയുടെ അഞ്ചാം ഘട്ടം ആരംഭിച്ചതായും അൽ നംഷാൻ പറഞ്ഞു.റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്ലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ഏഴ് മാസം പ്രായമായ സൗദി ഇരട്ടകളായ യാരയെയും ലാറയെയും വേർപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്.
വിവിധ സ്പെഷ്യാലിറ്റികളിൽനിന്നുള്ള 38 പുരുഷ-വനിതാ ഡോക്ടർമാരുടെ പങ്കാളിത്തത്തോടെ 15 മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന് ഡോ. അൽറബീഅ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ ഭാരം കിലോഗ്രാം ആണ്. ഇരട്ടകളുടെ ശരീരങ്ങൾ തമ്മിൽ അടിവയറും പെൽവിസും അതുപോലെ താഴത്തെ വൻകുടലും മലാശയവും പങ്കിടുന്നു. മെഡിക്കൽ സംഘം സമഗ്രമായ പരിശോധനകൾ നടത്തി നിരവധി യോഗങ്ങൾ നടത്തിയ ശേഷമാണ് ഇരട്ടകളെ വേർപ്പെടുത്താനുള്ള സാധ്യത തീരുമാനിച്ചത്. 25 വർഷം മുമ്പാണ് സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തലിനുള്ള ശസ്ത്രക്രിയ പദ്ധതി ആരംഭിച്ചത്. 65ാമത്തേതാണ് ലാറയെയും യാരയെയും വേർപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

