കിഴക്കൻ പ്രവിശ്യയിലെ പൊതു ഗതാഗതത്തിൽ കുതിച്ചുചാട്ടം
text_fieldsദമ്മാമിലെ ബസ് സ്റ്റോപ്പിങ് പോയിൻറ്
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പൊതുഗതാഗത ശൃംഖല പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. മേഖലയിലെ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 90 ലക്ഷം കവിഞ്ഞതായി കിഴക്കൻ പ്രവിശ്യ സെക്രട്ടറിയേറ്റ് (അമാനത്ത് അൽ ഷർഖിയ) അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മുന്നൂറിലധികം ബസ് സ്റ്റേഷനുകൾ സജ്ജമാക്കിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നഗരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് മുന്നൂറിലധികം ആധുനിക ബസ് സ്റ്റേഷനുകൾ വികസിപ്പിച്ചത്. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനൊപ്പം നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ജനസാന്ദ്രതയും ഉപയോഗക്രമവും പരിഗണിച്ച് തന്ത്രപരമായ രീതിയിലാണ് ഈ സ്റ്റേഷനുകൾ വിന്യസിച്ചിരിക്കുന്നതെന്ന് അമാന വക്താവ് ഫൈസൽ അൽ സഹ്റാനി വ്യക്തമാക്കി. ദമ്മാം, ഖോബാർ, ഖത്തീഫ് എന്നീ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത് സേവനത്തിെൻറ സുസ്ഥിരതയും ലഭ്യതയും ഉറപ്പുവരുത്തുന്നു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 212 ബസ് സ്റ്റേഷനുകളാണ് നിർമിച്ചത്. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 325 ആയി ഉയരും. പൊതുഗതാഗതത്തെ പ്രധാന യാത്രാമാർഗമായി ജനങ്ങൾ സ്വീകരിക്കുന്നതിനെ പിന്തുണക്കാൻ ഈ വിപുലീകരണം സഹായിക്കും.
90 ലക്ഷത്തിലധികം യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തിയത് പൊതുഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.
ഗതാഗതക്കുരുക്ക് കുറക്കുന്നതിനും സുസ്ഥിരമായ യാത്രാ സംസ്കാരം വളർത്തുന്നതിനും ഈ സംവിധാനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അൽ സഹ്റാനി കൂട്ടിച്ചേർത്തു.
കിഴക്കൻ പ്രവിശ്യയിലെ അതിവേഗത്തിലുള്ള നഗരവികസനത്തിന് അനുസൃതമായി, സുരക്ഷിതവും കാര്യക്ഷമവുമായ ഒരു ആധുനിക ഗതാഗത സംവിധാനം ഒരുക്കുന്നതിൽ അമാനത്ത് അൽ ഷർഖിയ പ്രതിജ്ഞാബദ്ധമാണ്. അത്യാധുനിക സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

