എട്ടു മാസമായി സൗദി ജയിലിലായ സുരേഷ് കുമാർ നാടണഞ്ഞു
text_fieldsസുരേഷ് കുമാർ
റിയാദ്: എട്ടു മാസമായി സൗദിയിലെ ജയിലിലാവുകയും രോഗങ്ങൾമൂലം അവിടെ ബുദ്ധിമുട്ടുകയും ചെയ്തിരുന്ന മലയാളി നാടണഞ്ഞു.തൃശൂർ ചാവക്കാട് സ്വദേശി സുരേഷ്കുമാറിന് കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിെൻറ ഇടപെടലാണ് തുണയായത്. മൂന്നു വർഷത്തോളമായി സൗദിയിലുള്ള സുരേഷ് കുമാർ എട്ടുമാസം മുമ്പാണ് കേസിൽപെട്ട് ജയിലിലായത്. ജയിലിൽവെച്ച് വിവിധ രോഗങ്ങൾമൂലം ബുദ്ധിമുട്ടിലായി.
ഇതേത്തുടർന്ന് സുരേഷ്കുമാറിെൻറ ഭാര്യയുടെയും രണ്ടു കുട്ടികളുടെയും ആവശ്യപ്രകാരം ഗുരുവായൂർ എം.എൽ.എ അബ്ദുൽ ഖാദറാണ് വിഷയത്തിൽ ഇടപെടാൻ കേളിയോട് നിർദേശിച്ചത്. തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ജയിലിൽ ബന്ധപ്പെട്ട് ആവശ്യമായ മരുന്നുകളും മറ്റും എത്തിച്ചുകൊടുക്കുകയും നാട്ടിലെ കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയുമായിരുന്നു.
പിന്നീട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സൗദിയിൽനിന്ന് പുറത്തുകടക്കാനുള്ള ഔട്ട് പാസും ബത്ഹയിലെ വ്യാപാരികളിൽനിന്ന് ധരിക്കാനുള്ള വസ്ത്രങ്ങളും എത്തിച്ചുനൽകി കഴിഞ്ഞദിവസം സുരേഷ് കുമാറിനെ നാട്ടിലെത്തിച്ചു.

