സൂപ്പർ കപ്പ് 2025; കെ.എം.സി.സി ഫുട്ബാളിന് വർണാഭമായ തുടക്കം
text_fieldsകെ.എം.സി.സി ഫുട്ബാൾ ടൂര്‍ണമെന്റ് മുഷ്താഖ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രണ്ടു മാസം നീണ്ടുനിൽക്കുന്ന റിയാദ് കെ.എം.സി.സി സൂപ്പർ കപ്പ് 2025 ഫുട്ബാൾ മാമാങ്കത്തിന് വർണാഭമായ തുടക്കം. കാൽപന്ത് കളിയെ ഹൃദയത്തിലേറ്റിയ ആയിരങ്ങളെ സാക്ഷി നിർത്തി ശിഫ ദുറത്ത് അൽ മലാബ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് വൈവിധ്യമാർന്ന കല, സാംസ്കാരിക പരിപാടികളാൽ ആഘോഷപൂർണമായി. അല്‍ റയാന് പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടര്‍ മുഷ്താഖ് മുഹമ്മദ് അലിയും ഗ്രാൻഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ചീഫ് ഓപ്പറേഷന് ഓഫിസര്‍ സാനിന് വാസിമും ചേര്‍ന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ അരങ്ങേറിയ മാർച്ച് പാസ്റ്റ്
ഉദ്ഘാടന മത്സരത്തിൽ അസീസിയ സോക്കർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ്.സി യൂത്ത് ഇന്ത്യ സോക്കറുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ജില്ല ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ആദ്യ മത്സരത്തിൽ മലപ്പുറം ജില്ലാ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കണ്ണൂർ ജില്ല ടീം പരാജയപ്പെടുത്തി. വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റ് വേറിട്ട അനുഭവമായി. ഓളപ്പരപ്പിൽ ആവേശമുയർത്തുന്ന ചുണ്ടൻ വള്ളം പുൽത്തകിടിയിലൂടെ ഒഴുകിനീങ്ങുന്ന മനോഹരമായ കലാസൃഷ്ടി അവതരിപ്പിച്ച ആലപ്പുഴ ജില്ല കമ്മിറ്റിക്ക് പിറകിൽ എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളും വിവിധ മണ്ഡലം കമ്മിറ്റികളുടെ പ്രത്യേക ബാനറിന് മുമ്പിൽ മലപ്പുറം ജില്ലയും തുടർന്ന് പാലക്കാട്, തൃശൂർ, തിരുവനന്തപുരം, വയനാട് ജില്ലകളും മാർച്ച് പാസ്റ്റിൽ അണിനിരന്നു.
സാനിന് വാസിം ക്വിക് ഓഫ് ചെയ്യുന്നു,
ബാൻഡ് വാദ്യങ്ങളും കൊൽക്കളിയും നൃത്തനൃത്യങ്ങളും മറ്റു കലാരൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകി. ഏറ്റവും മുന്നിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും തുടർന്ന് സ്കോപ്പ് വളന്റിയർ അംഗങ്ങളും മാർച്ച് പാസ്റ്റിൽ പങ്കാളികളായി. കഥകളി കലാരൂപവും വർണക്കുടയേന്തിയ നൃത്തകരും കാണികൾക്ക് ആവേശം പകർന്നു. വനിത കെ.എം.സി.സിയുടെ നേതൃത്വത്തിൽ നിരവധി കുടുംബിനികളും കുട്ടികളും ചടങ്ങുകളെ വർണാഭമാക്കി. ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ടൂർണമെന്റ് ചീഫ് കോഓഡിനേറ്റർ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ഇനി രണ്ട് മാസം റിയാദിന്റെ വാരാന്ത്യങ്ങൾ കൂടുതൽ ചൂട് പിടിക്കും. വിവിധ ക്ലബുകൾക്ക് വേണ്ടി സന്തോഷ് ട്രോഫി, ദേശീയ ഐ ലീഗ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കളിക്കാര്‍ കളിക്കളത്തിലെത്തും. ഇതോടൊപ്പം സൗദിയിലെ പ്രമുഖ പ്രവാസി താരങ്ങളും വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടക്കുന്നത്. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ എട്ടാഴ്ച നീണ്ടുനില്‍ക്കും.
സനിൻ വാസിം കിക്കോഫ് നിർവഹിച്ചു. സിറ്റി ഫ്ലവർ ഫിനാൻസ് മാനേജർ അസീബ് കാപ്പാട്, എ.ബി.സി കാർഗോ ഡയറക്ടർ സലീം അബ്ദുൽ ഖാദർ, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, വൈസ് പ്രസിഡന്റുമാരായ വി.കെ. മുഹമ്മദ്, ശറഫുദ്ദീൻ കണ്ണേറ്റി വാദി ദവാസിർ, ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ചെയർമാൻ യു.പി. മുസ്തഫ, മുഹമ്മദ് വേങ്ങര, ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കര, എൻ.ആർ.കെ ഫോറം ജോയന്റ് കൺവീനർ നാസർ കാരക്കുന്ന്, റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര, റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, അബ്ദുല്ല വല്ലാഞ്ചിറ, ഇല്യാസ് സഫമക്ക, ലിയാഖത്, അൻസാർ, നജ്മുദ്ദീൻ മഞ്ഞളാംകുഴി, എൻ.എം. റാഷിദ്, മുഹമ്മദ് ഹാരിസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫറൂഖ്, അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, ജലീൽ തിരൂർ, നാസർ മാങ്കാവ്, പി.സി. അലി വയനാട്, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, നജീബ് നല്ലാങ്കണ്ടി തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

