പക്ഷാഘാതം ബാധിച്ച ആലപ്പുഴ സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsസുനിലിനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമം. ഇൻസെറ്റിൽ സുനിൽ
റിയാദ്: പക്ഷാഘാതത്തെതുടർന്ന് രണ്ടര മാസത്തോളമായി റിയാദിൽ ചികിത്സയിലിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി സുനിൽ തങ്കമ്മയെ കേളി കലാസാംസ്കാരിക വേദിയുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. 15 വർഷത്തോളമായി റിയാദിലെ നസീമിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു സുനിൽ തങ്കമ്മ. ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായ സുനിലിനെ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടരമാസത്തെ ചികിത്സക്കുശേഷവും അസുഖത്തിന് കാര്യമായ മാറ്റമില്ലാത്തതിനാൽ തുടർചികിത്സക്കായി നാട്ടിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടരമാസത്തെ ചികിത്സക്ക് ഭീമമായ തുകയാണ് ആശുപത്രിയിൽ ഒടുക്കേണ്ടിയിരുന്നത്. എന്നാൽ, അത്രയും തുക കണ്ടെത്തുകയെന്നത് സുനിലിന് പ്രയാസമായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കേളി ജീവകാരുണ്യ കമ്മിറ്റി ഇടപെട്ടാണ് നാട്ടിൽ പോകുന്നതിനുള്ള വഴിയൊരുക്കിയത്. സുനിലിന്റെ യാത്രചെലവും യാത്രക്കുള്ള സ്‌ട്രെച്ചർ സംവിധാനം ഒരുക്കുന്ന ചെലവും എംബസിയാണ് വഹിച്ചത്. ആശുപത്രിയിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള ആംബുലൻസ് സൗകര്യം റിയാദിലെ ശിഫ അൽജസീറ പോളിക്ലിനിക് അധികൃതർ ഒരുക്കിയിരുന്നു. ആശുപത്രിയിലെ ചികിത്സ കാലയളവിലും നാട്ടിലെത്തിക്കുന്നതുവരെയും കേളി കുടുംബവേദി പ്രവർത്തകർ ആവശ്യമായ സഹായം സുനിലിന് നൽകിയിരുന്നു. സുനിലിന്റെ സഹോദരൻ സുരേഷ് യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച സുനിലിനെ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ തുടർചികിത്സക്ക് പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

