വേനൽ കനക്കുന്നു: കർശന മുന്നറിയിപ്പുമായി റിയാദ് ട്രാഫിക് വകുപ്പ്, വാഹന ടയറുകൾ പരിശോധിക്കണം
text_fieldsറിയാദ്: വേനൽക്കാലത്ത് ചൂട് കഠിനമാകുന്നതോടെ വാഹനങ്ങളുടെ ടയർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി സൗദി ട്രാഫിക് വകുപ്പ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കുന്നതിനും വാഹന ഉടമകൾ കൃത്യമായ പ്രതിരോധ നടപടികളും പതിവ് ടയർ പരിശോധനകളും നടത്തേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.
ടയറുകളിലെ വായുമർദ്ദം നിർദേശിക്കപ്പെട്ടിട്ടുള്ള അളവിലാണോ എന്ന് പതിവായി പരിശോധിക്കുകയും ക്രമീകരിക്കുകയും ചെയ്യേണ്ടത് സുരക്ഷയുടെ ആദ്യ പടിയാണ്. ടയറുകളിലെ തേയ്മാനങ്ങളോ മറ്റ് കേടുപാടുകളോ നേരത്തെ തന്നെ കണ്ടെത്തി പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.
വാഹനങ്ങളുടെ നിശ്ചിത ശേഷിക്ക് അപ്പുറം ഓവർലോഡ് കയറ്റുന്നത് പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. അമിതഭാരം ടയറുകളിൽ വലിയ സമ്മർദം ചെലുത്തുമെന്നും, കടുത്ത ചൂടുള്ള സാഹചര്യങ്ങളിൽ ഇത് ടയർ പെട്ടെന്ന് പൊട്ടിത്തെറിക്കാൻ കാരണമാകുമെന്നും ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.
ഓരോ വാഹനത്തിന്റെയും തരത്തിനും നിർദിഷ്ട സവിശേഷതകൾക്കും അനുയോജ്യമായ ഗുണനിലവാരമുള്ള ടയറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ ഊന്നിപ്പറഞ്ഞു. വാഹനങ്ങൾക്കോ സഞ്ചരിക്കുന്ന റോഡ് സാഹചര്യങ്ങൾക്കോ പൊരുത്തപ്പെടാത്ത ടയറുകൾ ഉപയോഗിക്കുന്നത് വലിയ സുരക്ഷഭീഷണിയാണെന്നും ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

