സുഹൈൽ നക്ഷത്രം ഉദിച്ചു; കൊടുംവേനലിന് ആശ്വാസമായേക്കുമെന്ന് പ്രതീക്ഷ
text_fieldsസുഹൈൽ നക്ഷത്രം
യാംബു: സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം സുഹൈൽ നക്ഷത്രം ഉദിച്ചതോടെ കാലാവസ്ഥയിൽ നേരിയ മാറ്റം ഉണ്ടാകുമെന്നും കൊടുംവേനലിന് ആശ്വാസമായേക്കുമെന്നും പ്രതീക്ഷ. ഞായറാഴ്ച് പുലർച്ച അറേബ്യൻ ഉപദ്വീപിൽ തെക്കൻ ചക്രവാളത്തിൽ സുഹൈൽ നക്ഷത്രം വെളിപ്പെട്ടതോടെ കടുത്ത വേനൽക്കാലം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായതായി ജിദ്ദ ജ്യോതിശാസ്ത്ര വിഭാഗം വ്യക്തമാക്കി.
കാലാവസ്ഥ ക്രമേണ മിതമാകുന്നതിന്റെയും, വേനൽ അവസാനിക്കുന്നതിന്റെയും, ചൂട് കുറയുന്നതിന്റെയും മഴയുടെ സാധ്യത തുടങ്ങിയ കാലാനുസൃതമായ മാറ്റത്തിന്റെയും സൂചനയായാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവ് പരമ്പരാഗതമായി കണക്കാക്കുന്നത്. ചൂടിന് പെട്ടെന്ന് കുറവുണ്ടാവില്ലെന്നും താപനിലയിലെ മാറ്റത്തിന്റെ സൂചന നൽകുന്ന ഒരു പരമ്പരാഗത അടയാളം മാത്രമാണ് ഈ നക്ഷത്രത്തിന്റെ ഉദയം. സെപ്റ്റംബർ 23 നാണ് രാജ്യത്ത് ശരത്കാലം ആരംഭിക്കുന്നതെന്നും താപനിലയിൽ നേരിയ കുറവ് മാത്രമേ വരും ആഴ്ചകളിൽ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ജിദ്ദ ജ്യോതിശാസ്ത്ര വിഭാഗം ചൂണ്ടിക്കാട്ടി.
സൂര്യ രശ്മികളുടെ പ്രകടനത്തിൽ കുറവുണ്ടാകുന്നതും പകൽ ക്രമേണ കുറയുന്നതും രാത്രിയുടെ അവസാനത്തിൽ താപനില കുറയുന്നതും കാരണം പണ്ട് കാലങ്ങളിൽ അറബികൾ സുഹൈൽ നക്ഷത്രത്തിന്റെ വരവ് ഒരു നല്ല ലക്ഷണമായി കണക്കാക്കിയിരുന്നതായി ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ പ്രസിഡന്റ് എൻജിനീയർ മജീദ് അബൂ സഹ്റ പറഞ്ഞു. അറേബ്യൻ മേഖലയിലെ ജനങ്ങൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഒരു പരമ്പരാഗത അടയാളമാണ് സുഹൈൽ നക്ഷത്രത്തിന്റ വരവ്.
വേനൽക്കാലത്തിന്റ അവസാനത്തെയും മരുഭൂമി പ്രദേശങ്ങളിൽ തണുത്ത ദിവസങ്ങളുടെ ക്രമേണയുള്ള വരവിന്റെയും സൂചനയെയും സൂചിപ്പിക്കുന്നതിനാൽ അറബ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന നക്ഷത്രം കൂടിയാണിത്. പുരാതന കാലം മുതൽ പഴമക്കാർ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കിയിരുന്നത്. അറബ് രാജ്യങ്ങളിൽ മത്സ്യബന്ധനത്തിനും കൃഷിക്കും വേട്ടയാടലിനും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും സുഹൈലിനെ ആശ്രയിച്ചാണ്.
സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'കനോപ്പസ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുഹൈൽ നക്ഷത്രം. ഭൂമിയിൽനിന്ന് 313 പ്രകാശവർഷം അകലെയാണിത് സ്ഥിതി ചെയ്യുന്നത്. സുഹൈൽ എത്തി എന്നത് കൊണ്ട് പൊടുന്നനെ ചൂട് കുറയില്ല എന്നാണ് ജ്യോതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. വരുന്ന ആഴ്ചകളിൽ ഘട്ടംഘട്ടമായിട്ടായിരിക്കും സൗദിയിൽ താപനിലയിൽ മാറ്റം പ്രകടമാകുക. സാധാരണ നിലയിൽ ആകാശത്ത് സുഹൈൽ പ്രത്യക്ഷപ്പെട്ടാൽ 40 ദിവസങ്ങൾക്ക് ശേഷം ശൈത്യവും 100 ദിവസങ്ങൾക്ക് ശേഷം തണുപ്പുകാലവും ആരംഭിക്കുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

