മലഞ്ചെരുവിൽ കുടുങ്ങി മരണം മുന്നിൽക്കണ്ട് സുഡാനി ഇടയൻ; രക്ഷപ്പെടുത്തി സൗദി സന്നദ്ധസംഘം
text_fieldsപർവതത്തിൽ കുടുങ്ങിയ സുഡാൻ ഇടയാണ് സൗദി സന്നദ്ധ സംഘം വെള്ളം നൽകുന്നു
ദമ്മാം: മലഞ്ചെരുവിൽ കുടുങ്ങി മരണം മുന്നിൽക്കണ്ട സുഡാനി ഇടയനെ സൗദി സന്നദ്ധസംഘം രക്ഷപ്പെടുത്തി. റിയാദിൽനിന്ന് 320 കിലോമീറ്റർ തെക്കുപടിഞ്ഞാറ് അൽഖസ്റ പട്ടണത്തിന് അടുത്തുള്ള മലഞ്ചെരുവിലാണ് വഴിതെറ്റി സുഡാനി ആട്ടിടയൻ തളർന്നുവീണത്. പർവതനിരയിൽ തെരച്ചിൽ നടത്തുന്നതിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും ഗ്ലൈഡറുകളും ഉപയോഗിച്ച് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതപ്രായനായ നിലയിൽ ഇയാളെ കണ്ടെത്തിയത്. മോശം കാലാവസ്ഥയിലും ജീവൻ പണയം വെച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ രക്ഷിക്കാനായത്.
ഇടയനെ കാണാനില്ലെന്ന് ബുധനാഴ്ചയാണ് സൗദി പൊലീസിന് കുടുംബം പരാതി നൽകിയത്. പൊലീസ് നൽകിയ ഔദ്യോഗിക കത്തുമായി കുടുംബം സൗദി സന്നദ്ധ സംഘത്തിന്‍റെ സഹായം തേടുകയായിരുന്നു. കടുത്ത ചൂടും വരണ്ട കാറ്റുമുണ്ടായിരുന്നെങ്കിലും തെരച്ചിൽ ആരംഭിച്ച് ഒരു മണിക്കൂറിനകം ഇയാളെ കണ്ടെത്താൻ കഴിഞ്ഞു. രണ്ട് ദിവസത്തോളം മലമുകളിൽ പെട്ടുപോയ ഇയാൾ കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച സ്ഥിതിയിലായിരുന്നു.
ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നതാണെന്നും ഇത്തരത്തിൽ കുടുങ്ങിപ്പോയ പലരേയും ജീവനോടെ തിരിച്ചുകിട്ടിയിട്ടില്ലെന്നും ടീമിലെ അംഗമായ അബു അബ്ബാസ് പറഞ്ഞു.
രക്ഷപ്പെടുത്തുന്ന വിഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സന്നദ്ധ സംഘത്തിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് അനുമോദന പ്രവാഹമാണ്. പർവതങ്ങളിലേക്കോ മരുഭൂമിയിലേക്കോ പോകാൻ ആഗ്രഹിക്കുന്ന ആളുകൾ യാത്രയ്ക്ക് മുമ്പ് ഉപഗ്രഹങ്ങൾ വഴി മൊബൈൽ നെറ്റുവർക്കുകൾക്ക് പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങളിൽ നാവിഗേഷൻ ആപ്പുകൾ എന്നിവ ഡൗൺലോഡ് ചെയ്യണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.
മൊബൈൽ നെറ്റുവർക്കുകൾ കിട്ടാത്ത ഇടങ്ങളിലേക്ക് പോകുമ്പോൾ കുടുംബത്തെ യാത്രയുടെ വിശദവിവരങ്ങൾ അറിയിക്കണമെന്നും സംഘം ആളുകളോട് ആവശ്യപ്പെട്ടു. കൂടാതെ വെള്ളവും ഭക്ഷണവും കൂടുതലായി കരുതുകയും വേണം. രണ്ട് വർഷം മുമ്പ് രൂപവത്കരിച്ച ഈ സന്നദ്ധ സംഘം, മരുഭൂമിയിലോ പർവതങ്ങളിലോ കുടുങ്ങിപ്പോയ 120 ഓളം ആളുകളെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ചിട്ടുണ്ട്.