ഇറാഖി സയാമീസ് ഇരട്ടകളെ വേർപെടുത്തൽ വിജയകരം
text_fieldsജിദ്ദ: സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് റിയാദിലെത്തിച്ച ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി എന്നീ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിൽ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്.
ഇരട്ടകൾ നെഞ്ചും വയറും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കരൾ, പിത്തസഞ്ചി, കുടൽ എന്നിവയും പരസ്പരം പങ്കിടുന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ വേർപെടുത്തൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ 70 ശതമാനം വിജയപ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, വളരെ സൂക്ഷ്മമായി വിദഗ്ധ സംഘത്തിന് ഇവരെ വേർപെടുത്താനായി. ശസ്ത്രക്രിയ ചെയ്ത് വേർപെടുത്തിയ ശരീരഭാഗങ്ങളിൽ സ്കിൻ എക്സ്റ്റൻഷൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ശസ്ത്രക്രിയക്കും ഇരട്ടകളെ വിധേയമാക്കി.
പ്ലാസ്റ്റിക് സർജറി സംഘമാണ് ഇത് ചെയ്തത്. വേർപെടുത്തിയ കുട്ടികളുടെ ആരോഗ്യനില ഭദ്രമാണ്. ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ കൺസൽട്ടൻറുകൾ, സ്പെഷലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ കേഡർമാർ എന്നിവരടക്കം 27 പേരാണുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇറാഖി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്. ഇറാഖിൽനിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന അഞ്ചാമത്തെ ശസ്ത്രക്രിയയാണിത്. 1990 മുതലാണ് സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി ആരംഭിച്ചത്. ഇപ്പോൾ നടക്കുന്നത് 54ാമത്തെ ശസ്ത്രക്രിയയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.