ലോകത്തിന് മാതൃകയായി സൗദി; പൂർണമായും റോബോട്ടിക് സംവിധാനത്തിലൂടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം
text_fieldsകിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻറർ
റിയാദ്: ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ. റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻററിലാണ് ലോകത്തിലാദ്യമായി പൂർണമായും റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ചികിത്സ രംഗത്തെ നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗത്തിൽ സൗദിയുടെ ആഗോളാധിപത്യം ഉറപ്പിക്കുന്നതാണ് ഈ നേട്ടം.
ദാതാവിൽനിന്ന് കരൾ നീക്കംചെയ്യുന്നതും സ്വീകർത്താവിൽ അത് വെച്ചുപിടിപ്പിക്കുന്നതും പൂർണമായും റോബോട്ടിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിർവഹിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ദാതാവിനോ സ്വീകർത്താവിനോ യാതൊരുവിധ ആരോഗ്യ സങ്കീർണതകളും റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാധുനിക ശസ്ത്രക്രിയയായതിനാൽ ദാതാക്കൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ആശുപത്രി വിടാൻ സാധിച്ചു.
‘ഓരോ രോഗിയുടെയും പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി ചികിത്സ പരിഹാരങ്ങൾ നൽകാനുള്ള ഞങ്ങളുടെ കേന്ദ്രത്തിന്റെ കഴിവിനെയാണ് ഈ വിജയം അടിവരയിടുന്നത്. ദാതാക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ശസ്ത്രക്രിയ സുരക്ഷ വർധിപ്പിക്കാനും രോഗമുക്തി വേഗത്തിലാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.’ -പ്രഫസർ ഡയറ്റർ ബ്രൂയറിങ്, എക്സിക്യൂട്ടീവ് ഡയറക്ടർ, കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി.
പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയകളിൽ മുറിവുകൾ ചെറുതും രക്തനഷ്ടാ കുറവുമായിരിക്കും എന്നതാണ് ഇത്തരം ശസ്ത്രക്രിയകളുടെ പ്രാധാന്യം. ഇത് രോഗികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്നു. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഇനി കൂടുതൽ സുരക്ഷിതവും കൃത്യതയുള്ളതുമായ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിെൻറ തെളിവാണ് റിയാദിൽ നിന്നുള്ള ഈ വാർത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

