വിജയഗാഥകൾ പറയുന്ന കൃഷിയിടങ്ങളിലെ മലയാളിപ്പെരുമ
text_fieldsറിയാദ് അൽഖർജ് ഉമ്മുശാനിലെ പച്ചക്കറി വിളവെടുപ്പ്
റിയാദ്: കേരളത്തിെൻറ കാർഷിക സംസ്കാരവും പാരമ്പര്യവും മരുഭൂമിയിൽ നൂറുമേനി വിളയിച്ച് മലയാളി കർഷകർ. രണ്ടു പതിറ്റാണ്ട് കാലമായി റിയാദിലെ അൽഖർജിനോടടുത്ത ഉമ്മുശാൻ പ്രദേശത്താണ് എഴുപത്തിയഞ്ചോളം ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഇവർ കൃഷി നടത്തുന്നത്. നാലുപാടും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൃഷിയിടം ഏത് അത്യുഷ്ണത്തിലും കരളിൽ കുളിരുകോരിയിടുന്ന ഒരനുഭവമാണ്.
മലപ്പുറം ജില്ലയിലെ തിരൂർക്കാട് വലമ്പൂർ സ്വദേശി ഇബ്രാഹീമും എടക്കര സ്വദേശി ഹമീദും നേരേത്ത റിയാദിലെ അതീഖ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളായിരുന്നു. ഇവർ തമ്മിലുള്ള ഗാഢമായ സൗഹൃദമാണ് പച്ചക്കറിയുടെ ഉൽപാദനം എന്ന ആശയത്തിലേക്കും കൃഷിയുടെ സാധ്യതകളിലേക്കും വഴിനടത്തിയത്. നാട്ടിൽ കൃഷിക്കാരായതുകൊണ്ട് തികഞ്ഞ ആത്മവിശ്വാസം കൈമുതലാക്കി സൗദി പൗരെൻറ സഹകരണത്തോടെ അവർ കൃഷിയിൽ പ്രവേശിക്കുകയായിരുന്നു.
സംരംഭകരായ ഇബ്രാഹിം തിരൂർക്കാട്, ഹമീദ് എടക്കര, പുല്ലാണി ഹംസ എന്നിവർ
സൗദിയിൽ സാധാരണയായി കൃഷി ചെയ്തുവരുന്ന വെള്ളരിക്ക, പാവക്ക, കൂസ, വെണ്ടക്ക, പയർ, മുളക് തുടങ്ങിയ പച്ചക്കറികളാണ് ഈ തോട്ടത്തിൽ വിളയിക്കുന്നത്. സെപ്റ്റംബർ മുതൽ നാലു മാസമാണ് കൃഷിക്കനുയോജ്യമായ കാലവും സമൃദ്ധമായ വിളവെടുപ്പ് നടക്കുന്ന സമയവും. മറ്റു മാസങ്ങളിൽ അത്യുഷ്ണവും അതിശൈത്യവും ഉള്ളതിനാൽ ഗ്രീൻ ഹൗസുകൾ നിർമിച്ച് ആവശ്യമായ സന്നാഹങ്ങളോടെയാണ് കൃഷിയിറക്കുക. നല്ല അധ്വാനവും പരിലാളനയും ആവശ്യമുള്ള ഒരു വ്യവസായമാണ് കൃഷിയെന്ന് ഇരുവരും പറഞ്ഞു.
അതുപോലെതന്നെ മരുഭൂമിയിലെ അസാധാരണമായ കാലാവസ്ഥ, കാറ്റിെൻറ ഗതിവിഗതികൾ, ജലദൗർലഭ്യത എല്ലാംതന്നെ ഈ രംഗത്തെ പ്രധാന വെല്ലുവിളികളാണ്. മണ്ണിെൻറയും വിളയുടെയും ആവശ്യമറിഞ്ഞുള്ള വെള്ളം, വളം, കീടനാശിനി, ശുശ്രൂഷകൾ എല്ലാംതന്നെ കൃത്യമായി ചെയ്യണം. ഇന്ത്യക്കാരും ബംഗ്ലാദേശുകാരും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുമാണ് ഇക്കാര്യങ്ങൾ ചെയ്യുന്ന തൊഴിലാളികൾ. അമേരിക്ക, നെതർലൻഡ്സ്, ഫ്രാൻസ്, ലബനാൻ, തായ്ലൻഡ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽനിന്നാണ് വിത്തുകൾ ലഭിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധനായ അഷ്റഫ് മൗലവി പറഞ്ഞു.
വിളവെടുക്കുന്ന കാർഷിക ഉൽപന്നങ്ങൾ പത്ത് കിലോ വരുന്ന ബാസ്കറ്റുകളിലാക്കി മൊത്തവ്യാപാര കേന്ദ്രങ്ങളിലെത്തിക്കുകയാണ് പതിവ്. ആവശ്യമനുസരിച്ച് സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും എത്തിക്കുന്നു. സാധനങ്ങളുടെ ലഭ്യതയനുസരിച്ചാണ് വിപണിയിലെ വിലനിലവാരം നിശ്ചയിക്കപ്പെടുന്നതെന്ന് മാർക്കറ്റിങ് മാനേജർ റഷീദ് പെരിന്തൽമണ്ണ പറഞ്ഞു. ഓരോ ആഴ്ചയും ടൺകണക്കിന് പച്ചക്കറിയാണ് സൗദിയുടെ വിവിധ മേഖലകളിലേക്ക് ഇവിടെനിന്നും പോകുന്നത്.
പൂകൃഷിയും അലങ്കാരച്ചെടികളും ഉൽപാദിപ്പിക്കുന്ന മലപ്പുറം കാളികാവ് സ്വദേശി ഹംസ പുല്ലാണി പറയുന്നത് കൃഷി ജീവിതമാർഗമെന്നതോടൊപ്പംതന്നെ മനസ്സിന് സന്തോഷം പ്രദാനംചെയ്യുന്ന കർമംകൂടിയാണ്. താൽപര്യമുള്ളവർക്ക് മുറ്റത്തും ബാൽക്കണിയിലും ടെറസിലുമൊക്കെ കൃഷി ചെയ്യാവുന്നതാണ്, പരിസ്ഥിതിയെക്കുറിച്ചും നല്ല പച്ചക്കറികളെക്കുറിച്ചും ഉത്കണ്ഠപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ വിശേഷിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

