സൗദിയിൽ പ്രകൃതിദത്ത മധുരമായ ‘സ്റ്റീവിയ’ കൃഷിയിൽ വൻ വിജയം
text_fieldsറിയാദ്: കൃഷിഭൂമിയിലെ വൈവിധ്യവൽക്കരണത്തിൽ പുതിയ ചരിത്രമെഴുതി സൗദി അറേബ്യയിൽ പ്രകൃതിദത്ത പഞ്ചസാരയായ ‘സ്റ്റീവിയ’ കൃഷി വിജയകരം. നജ്‌റാൻ മേഖലയിലെ കർഷകനായ ഹമദ് അബു മൻസൂറിന്റെ ഫാമിലാണ് ആരോഗ്യദായകമായ ഈ സസ്യം വിജയകരമായി വിളയിച്ചത്. പ്രദേശത്തെ കാലാവസ്ഥാ-സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് പ്രാദേശിക വിളകളിൽ വൈവിധ്യം കൊണ്ടുവരാൻ ഇദ്ദേഹത്തിന് സാധിച്ചു. ആരോഗ്യകരവും സുസ്ഥിരവുമായ കൃഷിരീതികളിലേക്കുള്ള സൗദി കർഷകരുടെ ചുവടുമാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ വിജയം.
പരമ്പരാഗത വിളകൾക്ക് പകരം പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പാരമ്പര്യേതര കൃഷിയിലേക്ക് തിരിഞ്ഞതെന്ന് ഹമദ് അൽ മൻസൂർ പറഞ്ഞു. വിദേശത്തുള്ള തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഈജിപ്തിൽ നിന്നാണ് ആദ്യമായി വിത്തുകൾ എത്തിച്ചത്. തുടർന്ന് 2020-ൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ വിത്തുകൾ ഇറക്കുമതി ചെയ്തു.
പരീക്ഷണത്തിൽ നിന്ന് വിജയത്തിലേക്ക്
2020 ഫെബ്രുവരിയിൽ 360 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ചെറിയ പ്ലോട്ടിലായിരുന്നു പരീക്ഷണം. ഹരിതഗൃഹങ്ങളുടെ (ഗ്രീൻ ഹൗസ്) സഹായമില്ലാതെ തുറന്ന നിലത്താണ് ചെടികൾ വളർത്തിയത്. പ്രതിദിനം 12 മണിക്കൂർ വെളിച്ചം ആവശ്യമായ ഈ സസ്യത്തിന് ജലലഭ്യത കുറഞ്ഞാൽ വളർച്ച പെട്ടെന്ന് തടസ്സപ്പെടും. ചെടികളിൽ കീടബാധ ഒട്ടും ഉണ്ടായില്ല എന്നത് പദ്ധതി വ്യാപിപ്പിക്കാൻ കർഷകന് ആത്മവിശ്വാസം നൽകി.
സ്വന്തം നിലയ്ക്കുള്ള വിഭവങ്ങൾ ഉപയോഗിച്ചാണ് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നിരുന്നാലും, പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയത്തിലെ കാർഷിക വിപുലീകരണ വിഭാഗം ആവശ്യമായ സാങ്കേതിക പിന്തുണയും നിർദ്ദേശങ്ങളും നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വിപണിയിലേക്കുള്ള ചുവടുവെപ്പ്
നടീലിനു ശേഷം മൂന്ന് മാസം പിന്നിട്ടപ്പോൾ വിളവെടുപ്പ് ആരംഭിച്ചു. ഇലകൾ ഫാമിൽ തന്നെ ഉണക്കി പാക്ക് ചെയ്യുകയാണ് ചെയ്യുന്നത്. തുടക്കത്തിൽ കാലാവസ്ഥാ വ്യതിയാനം കാരണം വെല്ലുവിളികൾ നേരിട്ടെങ്കിലും ശാസ്ത്രീയമായ പരിഷ്കരണങ്ങളിലൂടെ ഇന്ന് 1,000 ചതുരശ്ര മീറ്ററിലേക്ക് കൃഷി വ്യാപിപ്പിച്ചു. നിലവിൽ ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ വിതരണം ചെയ്യുന്നുണ്ട്. വരും ഘട്ടത്തിൽ പാക്കേജിംഗിനായി അത്യാധുനിക മെഷീനുകൾ എത്തിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അൽ മൻസൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

