‘തനിമ’ ഹാഇൽ-അൽ ജൗഫ് പെരുന്നാൾ സഹവാസ യാത്ര
text_fieldsതനിമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാഇൽ, അൽജൗഫ് പഠന സഹവാസ യാത്രയിൽ പങ്കെടുത്തവർ
റിയാദ്: തനിമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പെരുന്നാളിനോട് അനുബന്ധിച്ച് മൂന്നു ദിനം നീണ്ടുനിന്ന ഹാഇൽ-അൽ ജൗഫ് പഠന സഹവാസ യാത്ര സംഘടിപ്പിച്ചു. മലസിൽനിന്നു പുറപ്പെട്ട യാത്ര തനിമ പ്രൊവിൻസ് പ്രസിഡന്റ് സിദ്ദീഖ് ബിൻ ജമാൽ ഉദ്ഘാടനം കുറിച്ചു. ഇസ്ലാമിക ലോകത്തെ മൂന്നാമത്തെ പട്ടണമായിരുന്ന ഹാഇലിലെ ദർബ് സുബൈദയും ശിലായുഗത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതങ്ങൾകൊണ്ട് സമ്പന്നമായ യുനെസ്കോ പൈതൃകപ്പട്ടികയിലെ ജുബയും ചരിത്ര വസ്തുതകൾ അനാവരണം ചെയ്യുന്ന അൽ ജൗഫിലെ രാജാജിൽ തൂണുകളും സാബെൽ കോട്ടയും സന്ദർശിച്ചു.
ദുമത്തുൽ ജന്ദലിലെ മൂന്നാം നൂറ്റാണ്ടിലെ മാരിദ് കോട്ടയും ഹിജ്റ 16ൽ ഖലീഫ ഉമർ പണികഴിപ്പിച്ച പള്ളിയും സന്ദർശിച്ച്, ഉദാരതയുടെ അറബ് മാതൃകയായിരുന്ന ഹാതിം അൽതാഇ രാത്രികളിൽ തീ കത്തിച്ചിരുന്ന ഹാഇലിലെ ജബൽ സാമ്രായുടെ രാത്രികാഴ്ചയും ആസ്വദിച്ച് മൂന്നാം ദിവസം ശേഷം ഹാതിം അൽതാഇയുടെ ഗ്രാമത്തിലെത്തി. അദ്ദേഹത്തിന്റെ വീടും ഖബറിടവും ഹാഇലെ ആരിഫ് കോട്ടയും സന്ദർശിച്ചു. പി.പി. അബ്ദുല്ലത്തീഫ്, സിദ്ദിഖ് ജമാൽ, ഇ.വി. അബ്ദുൽ മജീദ് എന്നിവർ നയിച്ച വൈജ്ഞാനിക സെഷനുകളും ക്വിസ് പ്രോഗ്രാം, കുട്ടികളുടെയും മുതിർന്നവരുടെയും ഗാനങ്ങൾ തുടങ്ങിയ പരിപാടികളും യാത്രയെ സജീവമാക്കി. പഠന സഹവാസ യാത്രയും ടൂറിസം പ്രദേശത്തെ സൗദി ഉദ്യോഗസ്ഥർ നൽകിയ സ്വീകരണവും ഹൃദ്യമായി. യാത്രാ കോഓഡിനേറ്റർ മുഹമ്മദ് അബ്ദുല്ല നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

