സൗദിയിലെ ഇന്റർനാഷനൽ സ്കൂളുകളിൽ ചരിത്ര, ഭൂമിശാസ്ത്ര പഠനം നിർബന്ധം
text_fieldsയാംബു: രാജ്യത്തെ ഇന്റർനാഷനൽ സ്കൂളുകളിൽ സൗദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ നടത്തിപ്പു സംബന്ധിച്ച നിയമാവലിക്ക് മന്ത്രാലയം അംഗീകാരം നൽകി.
വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ മന്ത്രാലയം നിർദേശിച്ച പരിഷ്കരണങ്ങൾ പാലിക്കണമെന്നും ചട്ടം ലംഘിക്കുന്നവർക്കെതിരെ അഞ്ചു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റു ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ തന്നെയുണ്ടെങ്കിലും കർശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നത് ഇപ്പോഴാണ്.
ഇതടക്കമുള്ള വ്യവസ്ഥകളും നിർദേശങ്ങളും നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നതും ഇസ്ലാം മതത്തെയും രാജ്യത്തെയും ഭരണകൂടത്തെയും പൊതുവ്യക്തികളെയും അവമതിക്കുന്നതും അവഗണിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലംഘനം ശ്രദ്ധയിൽപെട്ടാൽ അത് ശരിപ്പെടുത്തുന്നതുവരെ പുതിയ വിദ്യാർഥികളുടെ പ്രവേശനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തും. മുന്നറിയിപ്പ് നൽകിയ തീയതി മുതൽ 14 ദിവസത്തിനുള്ളിൽ നിയമലംഘനം പരിഹരിക്കണം. അതിലും വീഴ്ച വരുത്തിയാലാണ് അഞ്ചു ലക്ഷം റിയാലിൽ കൂടാത്ത പിഴ, ലൈസൻസ് റദ്ദാക്കൽ, സ്കൂൾ അടച്ചുപൂട്ടൽ എന്നീ ശിക്ഷകളിലേക്ക് കടക്കലെന്നും മന്ത്രാലയം വ്യക്തമാക്കി.
പിഴ ചുമത്തുമ്പോൾ ലംഘനത്തിന്റെ വലുപ്പവും അതിന്റെ ആവർത്തനവും കണക്കിലെടുക്കും. സ്കൂളിന്റെ വലുപ്പം, ഗുണനിലവാരം, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ സാമൂഹിക പങ്കാളിത്തം എന്നിവയും പരിഗണിച്ചായിരിക്കും നടപടി സ്വീകരിക്കുക. പിഴയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച തീരുമാനങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് ഒരു മാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് വിദ്യാഭ്യാസ സ്ഥാപനയുടമക്ക് അനുവാദം നൽകുന്ന വ്യവസ്ഥയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

